കോടതികളിലേക്കുള്ള വഴി
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് കോടതി സമുച്ചയത്തിലേക്കുള്ള റോഡാകെ തകർച്ചയിലാണ്. പുതിയകോട്ടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിക്കടുത്തുനിന്ന് തുടങ്ങുന്ന റോഡ് പലയിടത്തും തകർന്നു. കോടതിഭാഗത്തെത്തും മുൻപേ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് പോകുന്ന ഭാഗത്ത് കുഴികളില്ലാത്ത ഒരിടം പോലുമില്ല റോഡിൽ.
ഇരുചക്രവാഹനങ്ങൾ തെന്നിപ്പോകുന്നു. ഓട്ടോറിക്ഷകളിൽ കയറിയാൽ നടുവൊടിയും. ഒരോ കുഴിയിലും ടയർപതിക്കുമ്പോൾ പിടിച്ചിരുന്നില്ലെങ്കിൽ കോടതിയിലെത്തും മുൻപേ ആസ്പത്രിയേലേക്ക് പോകേണ്ട അവസ്ഥ.
സംസ്ഥാനപാതയിൽ വിനായക തിയേറ്റർ സ്റ്റോപ്പിന് മുന്നിലൂടെയുള്ള മറ്റൊരു റോഡിലൂടെയും കോടതിയിലെത്താം. ഇവിടെ അതിനേക്കാൾ കഷ്ടമാണ് കാര്യം. തുടക്കം ചെറിയൊരു കയറ്റവും വളവുമാണ്. ഇവിടെ 300 മീറ്ററിലധികം ഭാഗം പൂർണമായും തകർന്നു. പൂങ്കാവനം കർപ്പൂരേശ്വരക്ഷേത്രത്തിലേക്കുള്ള റോഡ് കൂടിയാണിത്. ധാരാളം ഭക്തർ നിത്യവുമെത്തുന്ന ക്ഷേത്രമാണിത്.
കോടതിപരിസരങ്ങളിൽ നിരവധി സർക്കാർ കാര്യാലയങ്ങൾ വേറെയുമുണ്ട്. കോടതിസമുച്ചയത്തിൽ, അതിവേഗ പ്രത്യേക പോക്സോ കോടതി, സബ്കോടതി, രണ്ടു മജിസ്ട്രേറ്റ് കോടതികൾ, മുൻസിഫ് കോടതി, കുടുംബക്കോടതി എന്നിവയെല്ലാമുണ്ട്. ഓരോ ദിവസവും എത്രമാത്രം ആളുകളാണ് ഇവിടെയെത്തുന്നത്. നഗരസഭയ്ക്കു കീഴിലുള്ളതാണ് റോഡുകൾ.
വിനായക തിയേറ്റർ േസ്റ്റാപ്പിൽനിന്ന് തുടങ്ങുന്ന റോഡ് നവീകരണത്തിന് ടെൻഡറായെന്ന് കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ പി.വി. ചന്ദ്രൻ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ ഭാഗത്തുള്ള റോഡ് പൂർണമായും ഇന്റർലോക്ക് ചെയ്യാനുള്ള നീക്കത്തിലാണ് നഗരസഭ. ഇതിനായി 50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കൗൺസിലർ പറഞ്ഞു.
പദ്ധതിയുണ്ടാക്കിയതും ടെൻഡർ നടപടിയായതും പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായെന്നാണ് അഭിഭാഷകരുൾപ്പെടെ പറയുന്നത്.
തകർന്ന റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് എപ്പോഴാണ് അറുതിയുണ്ടാകുകയെന്ന ചോദ്യത്തിന് പക്ഷേ, നഗരഭരണാധികാരികൾക്ക് കൃത്യമായ ഉത്തരമില്ല.
Published: 12 Nov 2026, 04:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented