കാസർകോട് : മുഖ്യമന്ത്രി പദവിയിലെത്തിയശേഷം ആദ്യമായി ജില്ലയിലെത്തുന്ന വി.ഡി. സതീശന് ജില്ലാ യു.ഡി.എഫ്. കമ്മിറ്റി സ്വീകരണം നൽകും. നവംബർ 20-ന് രാവിലെ 10-ന് കാസർകോട് മുനിസിപ്പൽ ടൗൺഹാളിലാണ് പരിപാടി.
ജില്ലയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യുടെ നേതൃത്വത്തിൽ യു.ഡി.എഫ്. നേതാക്കൾ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തും. കാസർകോട് ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ, ജില്ലയിൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനുള്ള ആവശ്യകതയും സാധ്യതകളും എൻഡോസൾഫാൻ ദുരിതബാധിതർ നേരിടുന്ന പ്രശ്നങ്ങളും ആശങ്കകളും തുടങ്ങിയ സുപ്രധാന വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ജില്ലയുടെ വികസനത്തിനാവശ്യമായ പദ്ധതികൾക്ക് സർക്കാരിന്റെ പ്രത്യേക ശ്രദ്ധയും പിന്തുണയും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളും സമർപ്പിക്കും.
ഇതുസംബന്ധിച്ച് ചേർന്ന ജില്ലാ യു.ഡി.എഫ്. യോഗത്തിൽ ചെയർമാൻ കല്ലട്ര മാഹിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ഗോവിന്ദൻ നായർ, കെ. നീലകണ്ഠൻ എം.എൽ.എ., ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. മുനീർ ഹാജി, യു.ഡി.എഫ്. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ നായർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, ജെയ്റ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാർ, വി.കെ. രവീന്ദ്രൻ, എം.സി. കമറുദ്ദീൻ, നാഷണൽ അബ്ദുള്ള, വി.ആർ. വിദ്യാസാഗർ, പ്രിൻസ് ജോസഫ്, കെ. ഖാലിദ്, മഞ്ജുനാഥ ആൾവ, പദ്മനാഭൻ അടിയോടി, കെ. ശ്രീധരൻ, ഡി.വി. ഉമേശൻ, മാഹിൻ കേളോട്ട് തുടങ്ങിയവർ സംസാരിച്ചു.
Published: 12 Nov 2026, 04:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented