ധർമശാല : കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ വിദ്യാർഥി സമൂഹമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ പറഞ്ഞു. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ പുതുതായി നിർമിച്ച ഇലക്ട്രോണിക്സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

To advertise here,

മാറുന്ന കാലത്തിനനുസരിച്ച് ഏറ്റവും നൂതനമായ കോഴ്സുകൾ വിദ്യാർഥികൾക്ക് നൽകാൻ സാധിക്കാത്തത് കേരളത്തിന്റെ വലിയ പരിമിതിയാണ്. അത് പരിഹരിക്കാനുള്ള വലിയ ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. പുതുതലമുറ അതിനൂതന കോഴ്സുകൾ തേടി വിദേശങ്ങളിൽ പോകാതെ, അത്തരം കോഴ്സുകൾ ഇവിടെ നൽകാൻ സാധിക്കണം. ധിഷണാശാലികളുടെ പിൻമുറക്കാർക്ക് പറന്നുയരാൻ യോജിച്ച വിദ്യാഭ്യാസ സംവിധാനം സൃഷ്ടിച്ചു കൊടുക്കൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കടമയാണെന്നും മന്ത്രി പറഞ്ഞു,

നിലവിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റുന്ന കാലത്തിനനുസരിച്ച വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ കുറവാണ്. പല പഴയ കോഴ്സുകളിലും ചേരാൻ ആളില്ലാത്ത സ്ഥിതിയാണ്. അതിന് മാറ്റം വരുത്തി കാലാനുസൃതവും സാങ്കേതിക മേന്മയുള്ളതുമായ കോഴ്സുകൾ ഉണ്ടാകണം. കോളേജുകളിലെ ആവശ്യമില്ലാത്ത കോഴ്സുകൾ കണ്ടെത്തി പുതിയ കോഴ്സുകൾ ഏതൊക്കെവേണമെന്ന നിർദേശം കോളേജുകളോട് സർവകലാശാലകൾ വഴി നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിന്റെ സമഗ്രപുരോഗതിക്കാവശ്യമായ എല്ലാ കാര്യങ്ങൾക്കും മുൻഗണന നൽകും. കാമ്പസ് ഓൺ വ്യവസായം എന്ന സങ്കൽപം മുൻനിർത്തി അലെഡ് വ്യവസായശാല തുടങ്ങുന്ന കാര്യവും സജീവമായി പരിഗ ണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ അക്കാദമിക് പ്രവർത്തനങ്ങൾക്കും പ്രായോഗിക പരിശീലനത്തിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ലബോറട്ടറി കെട്ടിടം നിർമിച്ചത്.

ടി.കെ. ഗോവിന്ദൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഓഫ് ടെക്നിക്കിൽ എഡ്യൂക്കേഷൻ ഡോ. പി. ജയപ്രകാശ്, ആന്തൂർ നഗരസഭ ചെയർ പേഴ്സൺ വി.സതീദേവി, കൗൺസിലർ കെ. പ്രേമരാജൻ, പ്രജേഷ് പൊയ്യിൽ, എം.വി. ജനാർദനൻ, കെ. രവീന്ദ്രൻ, സമദ് കടമ്പേരി, ഒ.പി. ഉല്ലാസ്, പി. ജിതിൻ, കോളേജ് യൂണിയൻ ചെയർമാൻ റിതിൻ നാഥ്, പ്രിൻസിപ്പൽ വന്ദന ശ്രീധരൻ എന്നിവർ സംസാരിച്ചു.