നവീകരണമില്ല, കളക്ടർ ഇടപെടണമെന്ന് നാട്ടുകാർ
പൊയിലൂർ : പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കാൽനടയാത്രയും ഗതാഗതവും പ്രയാസകരമായ റോഡുകൾ നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തം. ചമതക്കാട് കേളുമുക്ക് മുതൽ മൂന്നുകുഴി-കാവുപ്പനിച്ചി, കലയൻകുണ്ട് വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ആസ്തിയിലുൾപ്പെട്ട റോഡിലൂടെ പാറമടയിൽനിന്നുള്ള കരിങ്കൽവഹിച്ചുകൊണ്ടുപോകുന്ന വലിയ ലോറികളുടെ ആധിക്യമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതേസ്ഥലത്തുനിന്ന് പുല്ലായിത്തോട്–നെല്ലിത്തറ-കാവുപ്പനിച്ചി റോഡ് വഴി കരിങ്കല്ലുനിറച്ച ഇത്തരം വണ്ടികൾ ഓടിയത് കാരണം ടാറിങ് ഉൾപ്പെടെ തകർന്ന റോഡിൽ കാൽനടയാത്രപോലും ദുസ്സഹമായിട്ട് വർഷങ്ങളായി. മേൽപ്പറഞ്ഞ മൂന്നുകുഴി–കാവുപ്പനിച്ചി–കലയൻകുണ്ട് വരെയുള്ള പഞ്ചായത്ത് റോഡ് ചെളിക്കുളമായി കാൽനടയാത്രപോലും സാധ്യമാവാത്തവിധം തകർന്നുകിടക്കുകയാണ്. സ്കൂൾ കുട്ടികളും വയോജനങ്ങളും കർഷകത്തൊഴിലാളികളും ഉൾപ്പെടെയുള്ളവർ വലിയ പ്രയാസം നേരിടുന്നു. റോഡുകളുടെ പരിതാപകരമായ അവസ്ഥയ്ക്ക് എത്രയുംവേഗം പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കളക്ടർ സന്ദർശിച്ച് പരിഹാരം കാണണമെന്ന് നാട്ടുകാർ
:സെൻട്രൽ പൊയിലൂരിലെ വെങ്ങത്തോട് പ്രവർത്തിച്ചുവരുന്ന പാറമടയിൽനിന്ന് ചമതക്കാട് കേളുമുക്ക് മുതൽ മൂന്നുകുഴി–കാവുപ്പനിച്ചി-കലയൻകുണ്ട് വരെയുള്ള പഞ്ചായത്ത് ആസ്തിയിലുള്ള റോഡ് വഴിയും പുല്ലായിത്തോട്-നെല്ലിത്തറ- കാവുപ്പനച്ചി റോഡുവഴിയും ഭാരമുള്ള കരിങ്കല്ലുകൾ നിറച്ച വണ്ടികൾ ഒരു നിയന്ത്രണവുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സെൻട്രൽ പൊയിലൂരിലെ ചമതക്കാട്, ചീക്കിലോട് കാവുപ്പനച്ചി നിവാസികൾ കളക്ടർക്ക് നിവേദനംനൽകി. വലിയ ലോറികളിലടക്കം അനുവദനീയമായ 10 ടൺ ഭാരത്തിൽ കൂടുതൽ 30-40 ടൺവരെ ഭാരമുള്ള കരിങ്കല്ലുകൾ നിറച്ച വണ്ടികൾ നിയന്ത്രണമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നതായി നിവേദനത്തിൽ പരാതിപ്പെട്ടു.
പുല്ലായിത്തോട്-നെല്ലിത്തറ-കാവുപ്പനിച്ചി റോഡ് വഴിയും കരിങ്കല്ല് നിറച്ച ഇത്തരം വണ്ടികൾ ഓടുന്നത് കാരണം ടാറിങ് നടത്താൻ സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും കരാറുകാർ ടെൻഡർ എടുക്കാൻ തയ്യാറാവുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കളക്ടർ സ്ഥലം സന്ദർശിച്ച് നിജസ്ഥിതി ബോധ്യപ്പെട്ട് പഞ്ചായത്ത് റോഡിൽക്കൂടി അനുമതിയില്ലാത്തവിധം ടോറസ് വണ്ടികളിൽ കരിങ്കല്ലുകൾ കൊണ്ടുപോകുന്നത് നിർത്തലാക്കാനുള്ള ഉത്തരവുണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Published: 13 Nov 2026, 04:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented