കാസർകോട് : നഗരസഭയിലെ കേളുഗുഡെ മാലിന്യകേന്ദ്രത്തിലെ പരമ്പരാഗത മാലിന്യങ്ങൾ നീക്കി ഭൂമി വീണ്ടെടുക്കാനുള്ള ബയോ മൈനിങ് ജോലികളുടെ പ്രാരംഭനടപടികൾ തുടങ്ങി. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്. ഡബ്ല്യു.എം.പി.) യുടെ നേതൃത്വത്തിലാണ് ബയോ മൈനിങ് പദ്ധതി നടപ്പാക്കുന്നത്. വർഷങ്ങളായി കുന്നുകൂടിയ 16,092 മെട്രിക് ടൺ മാലിന്യമാണ് നീക്കുന്നത്. നാഗ്പൂർ ആസ്ഥാനമായ എസ്.എം.എസ്. കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്.
ബയോ മൈനിങ്ങിന്റെ മുന്നോടിയായി പദ്ധതിപ്രദേശത്തെ കാട് വൃത്തിയാക്കുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. ഈ മാസം അവസാനത്തോടെ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ മാലിന്യങ്ങൾ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ബയോ റെമഡിയേഷൻ പ്രവൃത്തികൾ ആരംഭിക്കും. മാലിന്യം പൂർണമായി നീക്കുമ്പോൾ 1.18 ഏക്കർ ഭൂമി തിരികെ ലഭിക്കും. ഇത് വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകും. പതിറ്റാണ്ടുകളായി തള്ളിയിട്ടുള്ള പ്ലാസ്റ്റിക്, കുപ്പികൾ അടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെയുള്ളത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി കെ.എസ്.ഡബ്ല്യു.എം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഗരസഭ, മധൂർ പഞ്ചായത്ത്, കേളുഗുഡ്ഡെ എന്നിവിടങ്ങളിൽ യോഗങ്ങൾ നടന്നു. കാസർകോട് നഗരസഭയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്‌സൻ ഷാഹിന സലിം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർ, വാർഡ് കൗൺസിലർ, നഗരസഭാ സെക്രട്ടറി, ഉദ്യോഗസ്ഥർ, കെ.എസ്.ഡബ്ല്യു.എം.പി. പ്രതിനിധികൾ, എസ്.എം.എസ്. കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Published: 08 Oct 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented