തളിപ്പറമ്പ്: 'ഒരു നാട് നശിക്കുന്നത് ഏങ്ങനെയാണെന്ന് കീഴാറ്റൂരിലെ കാര്യങ്ങൾ വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പ്രകൃതിയും പരിസരവും മലിനമായി കടുത്ത പാരിസ്ഥിതിക ആഘാതത്തിന്റെ പ്രതിസന്ധിയിലാണ്. ഞങ്ങൾ അന്ന് സമരം ചെയ്യുമ്പോൾ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു'- കീഴാറ്റൂരിലെ വയൽക്കിളി സമരത്തിന്റെ നേതാവ് സി. മനോഹരൻ പറഞ്ഞു. ദേശീയപാത കീഴാറ്റൂർ വഴി വരുമ്പോൾ തൂണുകളിൽ സ്ഥാപിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ, അധികൃതർ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു -അദ്ദേഹം പറഞ്ഞു.
നാട് മാലിന്യകേന്ദ്രമായി
തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന തോടായിരുന്നു കീഴാറ്റൂർ വയലിൽ കൃഷിക്ക് ആശ്രയം. വയൽ മണ്ണിട്ട് നികത്തിയതോടെ ജലസ്രോതസ്സുകൾ തടസ്സപ്പെട്ടു. തോടിന്റെ ഒഴുക്കുനിലച്ചു. മലിനജലം എങ്ങും പരന്നു. കീഴാറ്റൂർ, കൂവോട്, കുറ്റിക്കോൽ ഭാഗങ്ങളിലെല്ലാം ഇതാണ് സ്ഥിതി. തളിപ്പറമ്പ് ടൗണിൽനിന്ന് 300 അടിയോളം താഴെ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കീഴാറ്റൂർ. അതുകൊണ്ടുതന്നെ തളിപ്പറമ്പ് ടൗൺ പ്രദേശത്തെ മുഴുവൻ മാലിന്യവും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. തോടുവഴി വരുന്ന വെള്ളമാണ് കൃഷിക്ക് ആശ്രയം. ഇപ്പോൾ തോടുവഴി വരുന്നത് മലിനജലമാണ്.
തളിപ്പറമ്പിൽ വെള്ളം ശുദ്ധീകരിക്കാൻ ശുദ്ധീകരണശാല പണിതിരുന്നു. ഇവിടെ ദിനംപ്രതി 5000 ലിറ്റർ വെള്ളം വേണം. ഇത് ലഭിക്കാതെ വന്നതോടെ കെട്ടിക്കിടക്കുന്ന മലിനജലം മുഴുവൻ പ്ലാന്റിലേക്ക് എത്തിച്ചു. ഹോട്ടലിൽനിന്നും മറ്റുമുള്ള മലിനജലമായിരുന്നു കൂടുതലും. ട്രീറ്റ്മെന്റ് പ്ലാന്റ് പരാജയമായി. ഈ വെള്ളം മുഴുവൻ നേരെ തുറന്നുവിട്ടു. ഇത് വയലിൽ എത്താൻ തുടങ്ങി -കീഴാറ്റൂരിലെ നാട്ടുകാർ പറഞ്ഞു. തോടുവഴിവരുന്ന വെള്ളം കിണറുകളെല്ലാം മലിനമാക്കി. നൂറുകണക്കിന് കുടുംബങ്ങളെ കുടിവെള്ളപ്രശ്നം ബാധിച്ചിട്ടുണ്ട്. വീടുകളിൽ കുടിവെള്ള ശുചീകരണ സംവിധാനം സ്ഥാപിച്ചാണ് പലരും കിണർവെള്ളം ഉപയോഗിക്കുന്നത്. പ്രദേശത്ത് പലപ്പോഴും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നുണ്ട്. നേരത്തേ മഞ്ഞപ്പിത്തം പടർന്ന സംഭവം ഉണ്ടായിട്ടുണ്ട്.
എല്ലാകൃഷിയും ഇല്ലാതായി
സ്വാഭാവിക നീരൊഴുക്ക് നിലച്ചതിനാൽ ദേശീയപാത പണിനടക്കുന്ന ബാക്കിസ്ഥലവും കൃഷിക്ക് പറ്റാതായി. മഴ വന്നാൽ, വെള്ളം നിറഞ്ഞുകിടക്കും. അല്ലാത്ത സമയത്ത് ഭൂമി വരണ്ടനിലയിലാണ്. പല വയലുകളും കല്ലും മണ്ണും നിറഞ്ഞ് കാട്ടുചെടികൾ നിറഞ്ഞുകിടക്കുകയാണ്. പരമ്പരാഗതമായി നൂറുകണക്കിന് കർഷകരാണ് ഈ മേഖലയിലുള്ളത്. കർഷക തൊഴിലാളികളും നിരവധിയാണ്. അവരുടെയെല്ലാം ജീവിതം വഴിമുട്ടി. നെൽക്കൃഷി മാത്രമല്ല, മറ്റ് കൃഷികളും നശിച്ചു. നീണ്ടുകിടക്കുന്ന തോട്ടങ്ങളിൽ തെങ്ങുകൾ വരണ്ടുണങ്ങി നിൽക്കുകയാണ്. കവുങ്ങിൻതോട്ടങ്ങളുടെ സ്ഥിതിയും കഷ്ടത്തിലാണ്. മലിനജലം കാരണം ആളുകൾക്ക് കൃഷിയിടത്തിൽ ഇറങ്ങാൻപറ്റാത്ത സ്ഥിതിയാണ്.
പശുക്കളെ ഒഴിവാക്കുന്നു
ഇതേ പ്രശ്നങ്ങൾ കന്നുകാലി വളർത്തലിനെയും ബാധിച്ചു. നേരത്തേ അറുപതിലേറെ ക്ഷീരകർഷകർ ഈ മേഖലയിൽ സജീവമായിരുന്നു. രണ്ടുമുതൽ അഞ്ചുവരെ പശുക്കൾ മിക്ക കർഷകരുടെയും തൊഴുത്തിൽ ഉണ്ടായിരുന്നു. നാമമാത്രമായ കർഷകർ മാത്രമാണ് എല്ലാം സഹിച്ച് ഈ അവസ്ഥയിലും പശുവളർത്തലിൽ ഉള്ളത്.
(തുടരും)
Published: 08 Oct 2026, 03:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented