ഇരിട്ടി : കഴിഞ്ഞദിവസമുണ്ടായ ചുഴലിക്കാറ്റിലും മഴയിലും ആറളം പഞ്ചായത്തിലെ കാരാപറമ്പിലും ആറളം പുനരധിവാസ മേഖലയിലും ലക്ഷങ്ങളുടെ നാശം. മേഖലയിൽ 10 വീടുകൾക്ക് ഭാഗികമായി നാശം നേരിട്ടു. ഇരുപ്രദേശങ്ങളിലുമായി മരം വീണ് പതിനഞ്ചോളം വൈദ്യുതത്തൂണുകൾ നിലംപൊത്തി. കാരാപറമ്പിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ആറളം പുനരധിവാസ മേഖലയിൽ ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി തുടരുകയാണ്.

To advertise here,

കാരാപറമ്പിലെ മുതുകുളം വർക്കിയുടെ ഉടമസ്ഥതയിലുള്ള റബ്ബർതോട്ടത്തിൽ 15-ഓളം റബ്ബർ മരങ്ങളും പ്ലാവും തേക്കും നിലംപൊത്തി. സമീപത്തെ ആലഞ്ചേരി അന്ന പൗലോസിന്റെ വീടിന് മുകളിലേക്ക് മരം വീണു. വീട്ടിലെ വാട്ടർ ടാങ്കും മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനും കേടുപാട് സംഭവിച്ചു. ആറളം-എടൂർ മലയോര ഹൈവേയിൽ ആവില പള്ളിക്ക്‌ സമീപത്തെ മലബാർ നഴ്‌സറിയിൽ മേൽക്കൂര ഉൾപ്പെടെ തകർന്നുവീണതിൽ 10 ലക്ഷം രൂപയോളം നാശം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. ടി.എ.ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ് നഴ്‌സറി. നിരവധി നടീൽവസ്തുക്കളും വളവും മഴയിലും കാറ്റിലും നശിച്ചു. ആവിലാപള്ളിയുടെ ചുറ്റുമതിൽ മരം കടപുഴകി ഭാഗികമായി തകർന്നു. മേഖലയിൽ മറ്റ് പ്രദേശങ്ങളിലും വാഴ, തെങ്ങ്, റബ്ബർ എന്നീ കാർഷിക വിളകൾക്കും കനത്ത നാശമുണ്ടായി. ആറളം വില്ലേജ് ഓഫീസർ പി.എസ്.സുലോചന, വില്ലേജ് അസിസ്റ്റന്റ് പി.കെ.ശ്രീജ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ടി.സി.ഷിജിന എന്നിവരുടെ നേതൃത്വത്തിൽ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വേലായുധൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.തോമസ് പഞ്ചായത്തംഗങ്ങളായ സെലീന, ജോർജ് ആലംപള്ളി, റോസമ്മ, സുജിന എന്നിവരും വില്ലേജ് സംഘത്തിന് ഒപ്പമുണ്ടായിരുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കണക്കെടുപ്പ് ആരംഭിച്ചു.

പുനരധിവാസ മേഖലയിൽ വൈദ്യുതിബന്ധം താറുമാറായി 

ആറളം പുനരധിവാസ മേഖലയിൽ മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ മരംപൊട്ടിവീണ് വിവിധ സ്ഥലങ്ങളിലായി 10-ലധികം വൈദ്യുതത്തൂണുകൾ തകർന്നു. തൂണുകൾ റോഡിലേക്ക് മറിഞ്ഞുവീണ് വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം പെയ്ത മഴയ്ക്കൊപ്പം അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റാണ് നാശം വിതച്ചത്. പൂക്കുണ്ട് ഭാഗത്ത് വൈദ്യുതത്തൂൺ റോഡിലേക്ക് മറിഞ്ഞുവീണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പല ബ്ലോക്കുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കാക്കയങ്ങാട് സെക്ഷനിൽനിന്നുള്ള വൈദ്യുതി വിതരണമാണ് തടസ്സപ്പെട്ടത്. പല സ്ഥലങ്ങളിലും വൈദ്യുതിലൈനുകൾ പൊട്ടിവീണതും രാത്രി വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് തടസ്സമായി. വളയംചാൽ നിർമലമുക്കിലും മരം ലൈനിന് മുകളിലേക്ക് പൊട്ടിവീണു. അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി റോഡിലെ തടസ്സങ്ങൾ നീക്കി.