മണിക്കടവ് : കുടിയേറ്റത്തിന് ഒരു നൂറ്റാണ്ട് പിന്നിട്ട മണിക്കടവ് വികസനത്തിന് കൊതിക്കുന്നു. ഉളിക്കൽ പഞ്ചായത്ത് വിഭജിച്ച് മണിക്കടവ് കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപവത്ക രിക്കണമെന്ന നിർദേശം ഫയലിലുറങ്ങുകയാണ്. പയ്യാവൂർ, നുച്യാട്, വയത്തൂർ വില്ലേജുകളെ വിഭജിച്ച് പുതിയ വില്ലേജ് രൂപവത്ക്കരിക്കണമെന്ന് 2012-ൽ നൽകിയ ശുപാർശയും നടപ്പായില്ല. വട്ട്യാംതോട് മുതൽ മണിക്കടവ് വരെയുള്ള നാല് കിലോമീറ്റർ ദൂരം റോഡ് വീതികൂട്ടി വികസിപ്പിച്ച് മെക്കാഡം സംവിധാനത്തിൽ ടാറിങ് നടത്തണമെന്ന ആവശ്യവും ഫയലിലാണ്. മണിക്കടവിൽനിന്ന് കോട്ടയം, തിരുവനന്തപുരം ഭാഗത്തേക്ക് ദീർഘദൂര കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങണമെന്ന ആവശ്യം നടപ്പായില്ല. മണിക്കടവിൽ ബസ്‌സ്റ്റാൻഡ് സ്ഥാപിക്കണമെന്ന ഉളിക്കൽ പഞ്ചായത്തിന്റെ ആലോചനയും മുടങ്ങിക്കിടക്കുകയാണ്.

To advertise here,

കാഞ്ഞിരക്കൊല്ലി വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പ്രധാനമായും സഞ്ചാരികളെത്തുന്നത് മണിക്കടവ് വഴിയാണ്. ഇവിടെ എത്തുന്നതിന് മുൻപ് സഞ്ചാരികൾ ആശ്രയിക്കുന്ന പട്ടണമെന്നനിലയിൽ ഇവിടെ പ്രാഥമിക സൗകര്യങ്ങൾ അനിവാര്യമാണ്. മണിക്കടവിൽനിന്ന് പീടികക്കുന്ന് ഭാഗത്തേക്കുള്ള പുഴ കടക്കുന്നതിന് കമ്പിപ്പാലം മാത്രമാണ് ഏക ആശ്രയം. ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന തരത്തിലുള്ള കോൺക്രീറ്റ് പാലമെങ്കിലും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പ്ലസ് ടു വരെയുള്ള പഠനത്തിനാണ് ഇവിടെ സൗകര്യമുള്ളത്. ഉന്നതപഠനത്തിന് സൗകര്യമില്ലാത്തതിനാൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്.