പെരിയ : സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുമോയെന്നുള്ള ആശങ്കയിൽ ചാലിങ്കാലിലെ ടോൾപ്ലാസയ്ക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. നിർദിഷ്ട ടോൾപ്ലാസ പൂർത്തിയാകുന്നതോടെ സർവീസ് റോഡ് ഇല്ലാതെ രണ്ട് പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെടും എന്നുള്ള ഭീതിയാണ് നാട്ടുകാരെ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്.
നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ടോൾപ്ലാസയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള എണ്ണപ്പാറയിലേയും കിഴക്കുഭാഗത്തുള്ള എസ്.എൻ. കോളേജ് റോഡിനടുത്തുള്ള കുടുംബങ്ങൾക്കുമുള്ള പ്രാദേശിക റോഡുകളും അടയ്ക്കും. ഇരുറോഡുകളും അടയ്ക്കുന്നത് ഒഴിവാക്കാൻ പരിഹാരനടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ എത്തിയത്.
പഞ്ചായത്ത് അംഗങ്ങളായ ലീലാ ചന്ദ്രൻ, എ.വി. മിനി എന്നിവരുടെ നേതൃത്വത്തിൽ കർമസമിതി അംഗങ്ങളും എത്തി. നിർമാണം നടക്കുന്ന കംഫർട്ട് സ്റ്റേഷന്മുന്നിലെത്തി വെള്ളിയാഴ്ച രാവിലെ പത്തോടെ പ്രതിഷേധമറിയിച്ചു. വിവരമറിഞ്ഞ് ദേശീയപാതാ നിർമാണ കരാർ കമ്പനിയായ മേഘയുടെ ലെയ്സൻ ഓഫീസർ വിജിൻ സ്ഥലത്തെത്തി. ദേശീയപാതാ അതോറിറ്റിയാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ടോൾപ്ലാസയുടെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുതാര്യമാക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും പഞ്ചായത്ത് തല കർമസമിതി കൺവീനർ അഡ്വ. എം.കെ. ബാബുരാജ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആശങ്കയകറ്റാതെ നിർമാണം നടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസും സ്ഥലത്തെത്തി. ടോൾപ്ലാസയ്ക്കായി നിർമിക്കുന്ന കംഫർട്ട് സ്റ്റേഷന്റെയും വെയ് ബ്രിഡ്ജിന്റെയും നിർമാണവും തടഞ്ഞു. കർമസമിതി അംഗങ്ങളുടെ ഫോട്ടോ മൊബൈലിൻ പകർത്താനായി മേഘയുടെ ഉദ്യോഗസ്ഥൻ നടത്തിയ ശ്രമം പ്രതിഷേധത്തിനിടയാക്കി. ശനിയാഴ്ച മുതൽ പ്രതിഷേധം ശക്തമാക്കാനാണ് കർമസമിതിയുടെ തീരുമാനം.
Published: 12 Sept 2026, 04:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented