കാഞ്ഞങ്ങാട് : മയക്കുമരുന്ന് കേസിലെ പ്രതികളെ പിടിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച സ്ക്വാഡിനെ നയിക്കാൻ നിയോഗിക്കപ്പെട്ടത് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ. നീതു തച്ചഞ്ചേരി.

To advertise here,

പ്രൊബേഷൻ കാലം കഴിഞ്ഞ് അധികമായില്ല. പ്രതികളെ പിടിക്കാൻ ഉത്തരേന്ത്യയിലേക്കാണ് പോകേണ്ടത്. പോലീസുകാരായ സനീഷ്‌കുമാർ, കെ.ടി.അനിൽ, ജ്യോതിഷ്, ജയേഷ് എന്നിവർക്കൊപ്പം ജീപ്പിൽ രാജസ്ഥാനിലേക്ക്. നൈജീരിയക്കാരൻ നൽകുന്ന എംഡിഎംഎ കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ വിഷ്ണുകുമാറിനെയും റിയാ ഖാൻ എന്ന സാത്തി ഷേഖ് എന്ന റൂബിയയെയും തേടിയുള്ള യാത്രയാണ്. ചന്തേരയിൽ എംഡിഎംഎയുമായി പിടിയിലായ സംഘത്തിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ്‌ യാത്ര.

ആദ്യം തീവണ്ടിയിൽ പോകാമെന്നാണ് കരുതിയത്. പക്ഷേ, ഇടയ്ക്കിടെ ലൊക്കേഷൻ മാറുന്നുവെന്ന് കണ്ട് യാത്ര ജീപ്പിലാക്കുകയായിരുന്നു. രാജസ്ഥാനിലെ ധോൽപ്പൂരിലാണ് ആദ്യമെത്തിയത്. അപ്പോഴേക്കും പ്രതികളുടെ ഫോൺ ലൊക്കേഷൻ കാണിക്കുന്നത് മധ്യപ്രദേശിലെ മഹാരാജപുരത്തായി. അവിടെയെത്തി ലോക്കൽ പോലീസിന്റെ സഹായത്തോടെ പ്രതികൾ താമസിക്കുന്നുണ്ടെന്ന്‌ സൂചന ലഭിച്ചയിടത്തെത്തി. 'അതൊരു കോളനിയായിരുന്നു. നിറയെ ആളുകളുള്ള, ഒരുപോലെ വീടുകളുള്ള എത്രപറഞ്ഞാലും മനസ്സിലാകാത്തവർ തിങ്ങിപ്പാർക്കുന്ന കോളനി. പ്രതികളെ അന്വേഷിക്കാൻ പറ്റില്ലെന്ന് ഒരുസംഘം പറഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ അവർ തടസ്സം നിന്നു. തോക്കും മറ്റു ആയുധങ്ങളുമുണ്ടായിരുന്നു അവരുടെ പക്കൽ. പ്രതിരോധം തീർത്തവരെ വകവെക്കാതെ രണ്ടും കൽപ്പിച്ച് കോളനിക്കുള്ളിലേക്ക്‌ കയറി' -നീതു ഒാർമ്മിച്ചു.

വിഷ്ണുവും റൂബിയയും കഴിയുന്ന വീട് ഒടുവിൽ കണ്ടെത്തി. അത് വിഷ്ണുവിന്റെ സഹോദരീഭർത്താവിന്റെ വീടായിരുന്നു. അയാളെ ചോദ്യംചെയ്തപ്പോൾ റൂബിയയെ കണ്ടെത്താനായി. വിഷ്ണു രക്ഷപ്പെട്ടെന്ന വിവരവും.

പ്രദേശത്തെ കോടതിയിൽ ഇവരെ ഹാജരാക്കി, കാഞ്ഞങ്ങാട്ടേക്ക്‌ കൊണ്ടുവരാനുള്ള ഉത്തരവ്‌ നേടി. അതിനിടെ വിഷ്ണു 500 കിലോമീറ്റർ അകലെയെത്തിയിരുന്നു.

ഒരാളെ പിടിച്ചല്ലോ, മടങ്ങാമെന്ന്‌ കരുതിയില്ല. വിഷ്ണുവിന്‌ പിന്നാലെയുള്ള ഓട്ടമായിരുന്നു പിന്നീട്. ഇന്ദോറിൽ ബെത്മ എന്ന സ്ഥലത്തുനിന്ന് അവനെയും പിടിച്ചശേഷമായിരുന്നു മടക്കം. ഒന്നിലേറെ രാവും പകലും നിർത്താതെയുള്ള ഓട്ടം. ആദ്യം കിട്ടിയത് വലിയ അഭിനന്ദനം. ജില്ലാ പോലീസ് മേധാവിയിൽനിന്ന്.

കണ്ണൂർ മലപ്പട്ടം മുണ്ടുപറമ്പ് സ്വദേശിയാണ് നീതു. എസ്.ഐ. പരിശീലനം കഴിഞ്ഞ് പ്രൊബേഷൻ കാലത്ത് ആദ്യനിയമനം ഹൊസ്ദുർഗിലായിരുന്നു. വന്നതിന്റെ പിറ്റേന്നാൾ മേലുദ്യോഗസ്ഥന്റെ കൂടെ ആദ്യമായി അന്വേഷിച്ചത് 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്. പ്രതിയെ തൂക്കിയെടുത്ത് ജയിലിലടച്ച ആദ്യ അനുഭവത്തിനു പിന്നാലെ ഗാർഹിക പീഡനക്കേസ്. മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവരെ പഠിച്ചു. മലപ്പുറം ഗവ. കോളേജിൽനിന്ന് ബി.കോമും എം.കോമും പിന്നീട് നെറ്റും പാസായി. പട്ടാളത്തിൽ ഹവിൽദാറായിരുന്ന പരേതനായ ടി.രാമചന്ദ്രന്റെയും പി.സുനിതയുടെയും മകളാണ്. നിധിൻ, നന്ദിത എന്നിവർ സഹോദരങ്ങൾ.