നർക്കിലക്കാട് : ഡോക്ടർമാരുടെ കുറവുമൂലം ചികിത്സയ്ക്കെത്തുന്ന രോഗികൾ ദുരിതത്തിൽ. വെസ്റ്റ് എളേരി പഞ്ചായത്തിലെ നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. നാല് ഡോക്ടർമാർ ജോലിചെയ്തിരുന്ന കേന്ദ്രത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരാണുള്ളത്. ഒ.പി. സമയം ഉച്ചവരെ പരിമിതിപ്പെടുത്തുകയും ചികിത്സയ്ക്കെത്തുന്നവർ ദീർഘസമയം കാത്തുകിടക്കേണ്ടിവരികയും ചെയ്യുന്നു.

To advertise here,

50 കൊല്ലം മുമ്പാണ് നർക്കിലക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ആരംഭിച്ചത്. അന്ന് ഒരു ഡോക്ടർ മാത്രമാണ് ജോലിചെയ്തിരുന്നത്. അന്ന് കിടത്തിച്ചികിത്സപോലുമുണ്ടായിരുന്നു. കാസർകോട് വികസനപദ്ധതിയിലും എം.പിയുടെ വികസനഫണ്ട് ഉപയോഗിച്ചും ആവശ്യമായ കെട്ടിടം നിർമിച്ച് 2019-ൽ ഉദ്ഘാടനം ചെയ്തിരുന്നു. ഒരു ദിവസം 150-നും 200-നുമിടയിൽ രോഗികൾ ചികിത്സ തേടി ഇവിടെയെത്താറുണ്ട്. നിലവിൽ നാല് ഡോക്ടർമാരുടെ സേവനമാണ് ആസ്പത്രിയിൽ ആവശ്യമായിട്ടുള്ളത്.

നിലവിലുണ്ടായിരുന്ന ഡോക്ടർമാർ രണ്ടുമാസം മുമ്പ് സ്ഥലംമാറിപ്പോയതോടെ, പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടർ മാത്രമാണ് ആസ്പത്രിയിൽ ചികിത്സ നൽകിയിരുന്നത്. അതുകൊണ്ടുതന്നെ ഒ.പി. ഉച്ചയ്ക്ക് രണ്ടുമണിവരെ പരിമിതിപ്പെടുത്തി. ഏഴ് ദിവസം മുമ്പ് ആരോഗ്യവകുപ്പ് താത്കാലികമായി ഒരു ഡോക്ടറെ നിയമിച്ചിടുണ്ട്. തിരക്കുകാരണം രോഗവുമായി ആസ്പത്രിയിൽ എത്തുന്നവർ ദീർഘസമയം കാത്തുനിൽക്കേണ്ടിവരുന്നു.

വെസ്റ്റ് എളേരി പഞ്ചായത്തിലെ നിരവധി പട്ടികജാതി, പട്ടികവർഗ ഊരുനിവാസികളുടെ ആശ്രയകേന്ദ്രമാണ് നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രം. ഡോക്ടർമാരുടെ കുറവ് മൂലം എട്ടുകിലോമീറ്റർ അകലെയുള്ള ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിലോ, 10 കിലോമീറ്റർ അകലെയുള്ള വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിലോ എത്തേണ്ട അവസ്ഥയിലാണ് ഊരുനിവാസികൾ. കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കുകയും ഒ.പി. സമയം പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

രണ്ടുപേർക്കുകൂടി നിയമനം

നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് ഡോക്ടർമാരെ കൂടി നിയമിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ, അവർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. അടുത്തദിവസങ്ങളിൽ അവർ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.