അഞ്ചരക്കണ്ടി : ദീർഘകാലമായി ടൗണിന്റെ വികസനത്തിനുവേണ്ടി നടത്തിയ മുറവിളി ഫലം കണ്ടതില്ല. ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന അഞ്ചരക്കണ്ടി ടൗണിൽ ഇപ്പോൾ നടക്കുന്ന ഓവുചാൽ നിർമാണം കൂനിന്മേൽ കുരു എന്നപോലെയായി.

To advertise here,

പൊതുവെ വീതി ഒട്ടുമില്ലാത്ത ജങ്ഷനിൽ കണ്ണൂർ റോഡിലെ ഓവുചാൽ നിർമാണം റോഡിന്റെ വീതികുറച്ചതായി നാട്ടുകാർ പരാതി ഉന്നയിച്ചു. ഒരുമീറ്ററിലധികം വീതിയിൽ നിർമിച്ച ഓവുചാലും അതിന് മുകളിൽ സ്ലാബും വരുന്നതോടെ നിലവിലുള്ള റോഡിന്റെ വീതി വളരെ കുറഞ്ഞതായിതീർന്നു. നാലുറോഡുകളും സംഗമിക്കുന്ന ടൗൺ ജങ്ഷനിൽ വാഹനങ്ങൾ തിരിഞ്ഞുപോകുന്നതിനും വശംകൊടുത്തുപോകുന്നതിനും വലിയ പ്രയാസമാണ് നിലവിലുള്ളത്‌. ഇതിനിടെയാണ് അല്പംപോലും റോഡിൽനിന്ന് വിടാതെയുള്ള ഓവുചാൽ നിർമാണം. ഏതാണ്ട് 250 മീറ്ററിലധികം ദൂരത്തിൽ റോഡിന് ചേർന്ന് പണിയുന്ന ഓവുവാൽ ചില ഭാഗത്ത് പൊതുസ്ഥലം ഒഴിവാക്കിയാണ് നിർമിക്കുന്നതെന്ന പരാതിയും ഉണ്ട്. ചിലയിടത്ത് റോഡിന്റെ വീതി വർധിപ്പിക്കാൻ അവസരമുണ്ടായിട്ടും പൊൊതുസ്ഥലം ഒഴിവാക്കിയാണ് നിർമാണം നടന്നത്. എന്നാലിവിടങ്ങളിൽ കൃത്യമായി സ്ഥലം അളന്ന് സർക്കാരിന്റേത്‌ എത്രയെന്ന് കണ്ടെത്തി ഓവുചാൽ നിർമിക്കേണ്ടതാണെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.

വ്യക്തിയുടെയും പൊതുസ്ഥലത്തിന്റെയും അതിർത്തി നിർണയിച്ച് വേണംവീതിയുള്ള ഭാഗങ്ങളിലെങ്കിലും ഓവുചാൽ നിർമാണജോലികൾ നടക്കേണ്ടത്. എന്നാലതുണ്ടായില്ല. മാത്രമല്ല, ചില ഭാഗങ്ങളിൽ റോഡിനേക്കാളും ഒരടിയോളം ഉയരത്തിലാണ് ഓവുചാലും അതിനുമുകളിലെ സ്ലാബും.

പ്രധാന റോഡിൽനിന്ന് മാറി മറ്റു വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും സൗകര്യപ്രദമായി പാർക്ക് ചെയ്യാൻ പറ്റാതായി. റോഡരികിൽ ചില ഭാഗങ്ങളിലെ പൊതുസ്ഥലം വാഹനങ്ങൾക്ക് ഉപയോഗിക്കാനും പറ്റാതായി.