മംഗൽപ്പാടി : കളിക്കാനും രസിക്കാനും വിശ്രമിക്കാനും വിനോദത്തിനുമായി ഒരിടം. മംഗൽപ്പാടി പഞ്ചായത്ത് പച്ചമ്പളയിൽ ഒരുക്കിയ പാർക്കിൽ തിരക്കേറുകയാണ്.

To advertise here,

ജനങ്ങളുടെ ആരോഗ്യവും വിനോദവും സാമൂഹിക ഇടപെടലുകളും ഒരുമിച്ച് ലക്ഷ്യമാക്കി 'വൈബ് പാർക്ക്' എന്ന പേരിൽ പാർക്ക് തയ്യാറാക്കിയിരിക്കുന്നത്. വയോജനങ്ങൾക്കും കുട്ടികൾക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ വിവിധ സൗകര്യങ്ങളെ ഒരൊറ്റ കേന്ദ്രത്തിൽ സമന്വയിപ്പിച്ചാണ് 'വൈബ് പാർക്ക്' ഒരുക്കിയിരിക്കുന്നത്. വിശ്രമം, വ്യായാമം, വിനോദം, കായികപ്രവർത്തനം, സാമൂഹിക ഇടപെടൽ എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന രീതിയിലാണ് പാർക്കിന്റെ രൂപകൽപ്പന.വയോജന പാർക്കാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. മുതിർന്ന പൗരന്മാർക്ക് പ്രഭാതത്തിലും സായാഹ്നങ്ങളിൽ എത്തി വിശ്രമിക്കാനും പരസ്പരം സംസാരിക്കാനും സമയം ചെലവഴിക്കാനും അനുയോജ്യമായ ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും സാമൂഹിക ഇടപെടലുകൾക്കും ഇത് സഹായകരമാകും.

കുരുന്നുകൾക്കായി പ്രത്യേകം ഒരുക്കിയ ചിൽഡ്രൻസ് പാർക്കിൽ കുരുന്നുകളെ രസിപ്പിക്കുന്ന ഉപകരണങ്ങളാണുള്ളത്. കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാനും കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനും കഴിയുന്ന തരത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വർധിച്ചുവരുന്ന മൊബൈൽ ഉപയോഗത്തിൽനിന്ന് കുട്ടികളെ മാറ്റിനിർത്തി കളിയിലേക്കും കൂട്ടായ പ്രവർത്തനങ്ങളിലേക്കും ആകർഷിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സൈക്ലിങ് ക്ലബ് പാർക്കിന്റെ മറ്റൊരു പ്രത്യേകതയാണ്. ചുറ്റും സൈക്കിൾസവാരി നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതിനാൽ കുട്ടികൾക്കും യുവാക്കൾക്കും ആരോഗ്യകരമായ വ്യായാമശീലം വളർത്തിയെടുക്കാം.

പാർക്കിലെത്തുന്നവർക്ക് വിശ്രമിക്കാനും സൗഹൃദസംഭാഷണങ്ങൾ നടത്താനും സൗകര്യമൊരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' സംവിധാനവുമുണ്ട്. ഇതോടൊപ്പം കോഫി ഷോപ്പും ശൗചാലയ സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ത്രീകൾക്കും പൊതുജനങ്ങൾക്കും വ്യായാമം ചെയ്യുന്നതിനായി ഷീ ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങളും പാർക്കിലുണ്ട്. ഓഗസ്റ്റ് 15-നാണ് മന്ത്രി കെ.എം. ഷാജി പാർക്ക് ഉദ്ഘാടനം ചെയ്തത്.

തലമുറകളെ ഒരുമിച്ച് ചേർക്കുന്ന പൊതുവിടം-മജീദ് പച്ചമ്പള

ഒരു പാർക്ക് എന്നതിലുപരി, തലമുറകളെ ഒരുമിച്ച് ചേർത്തുനിർത്തുന്ന പൊതുവിടം എന്ന ആശയമാണ് 'വൈബ് പാർക്കിലൂടെ' യാഥാർഥ്യമാകുന്നതെന്നു ഈ ആശയത്തിന് നേതൃത്വം നൽകിയ കഴിഞ്ഞ ഭരണസമിതിയിലെ അംഗം മജീദ് പച്ചമ്പള പറഞ്ഞു. കുട്ടികൾക്ക് കളിക്കാനും യുവാക്കൾക്ക് വ്യായാമം ചെയ്യാനും സ്ത്രീകൾക്ക് ആരോഗ്യപരിപാലനത്തിനും വയോജനങ്ങൾക്ക് വിശ്രമിക്കാനും കുടുംബങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനും കഴിയുന്ന തരത്തിൽ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇതിന് നാട്ടുകാർക്കിടയിൽ വലിയ സ്വീകരണം ലഭിച്ചത് വലിയ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.