തൃക്കരിപ്പൂർ : തൃക്കരിപ്പൂരിൽ സൂക്ഷിച്ചുനടന്നില്ലെങ്കിൽ കുഴിയിൽ വീഴുന്ന സ്ഥിതിയാണ്. ടൗണിലെയും സമീപത്തെയും തകർന്ന ഓവുചാലുകൾ നാട്ടുകാർക്ക് അപകടക്കുഴിയായിമാറിയതിന് ഇതുവരെ പരിഹാരമായിട്ടില്ല. അപകടങ്ങൾ പതിവായിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല. പ്രതിഷേധം ശക്തമാകുമ്പോൾ തകർന്ന ഓവുചാലുകളുടെ സ്ലാബ് മാറ്റുന്നതല്ലാതെ പ്രശ്നത്തിന് ഇതുവരെ ശാശ്വതപരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തൃക്കരിപ്പൂർ ടൗൺമുതൽ ബസ് സ്റ്റാൻഡ്വവരെയുള്ള പ്രധാന പാതയിൽ സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോ സ്റ്റാൻഡ് എന്നിവയ്ക്ക് സമീപമുള്ള സ്ലാബുകൾ പലതും തകർന്ന നിലയിലാണ്. ഓവുചാലുകളുടെ സ്ലാബുകളെ നടപ്പാതകളായിട്ടാണ് കാൽനടയാത്രക്കാർ ഉപയോഗിക്കുന്നത്. മാസങ്ങളായി തകർന്ന സ്ലാബുകൾപോലും ഇതുവരെ മാറ്റിയിട്ടില്ല. തകർന്നയിടങ്ങളിൽ മരത്തടി കുത്തിവെച്ച് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി എന്നല്ലാതെ അപകടമൊഴിവാക്കാൻ ഒന്നും ചെയ്തില്ല. പ്രധാന പാതയിലെ നടപ്പാത അങ്ങിങ്ങായി തകർന്നതോടെ കാൽനടയാത്രക്കാർ റോഡിലൂടെ നടന്നു പോകേണ്ട സ്ഥിതിയാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേരാണ് നടപ്പാത ഉപയോഗിക്കുന്നത്. രണ്ട് വർഷം മുൻപ് ഓവർസിയർ സ്ഥലം സന്ദർശിച്ച് തകർന്ന സ്ലാബുകളുടെ കണക്കെടുത്തിരുന്നു.

To advertise here,

വിവിധ ഭാഗങ്ങളിൽ സ്കൂൾ വിദ്യാർഥികളടക്കം നിരവധിപേർക്ക് കുഴിയിൽ വീണു പരിക്കേറ്റിട്ടുണ്ട്. നിരവധിപേർ ആസ്പത്രിയിലെത്തി ചികിത്സ തേടേണ്ട സ്ഥിതിയുമുണ്ടായി. ഓവുചാലുകളുടെ സ്ലാബുകൾക്ക് മുകളിലൂടെ വാഹനം ഓടിക്കുന്നതും സ്ലാബുകൾ പെട്ടെന്ന് തകരാൻ കാരണമാണ്.