നടുവിൽ : വാഹനങ്ങൾ തോന്നുംപടി നിർത്തിയിടുന്നതിനാൽ നടുവിൽ ബസ് സ്റ്റാൻഡിൽ കയറാനാവാതെ ബസുകൾ. പ്രവേശനഭാഗം മുതൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിടുകയാണ്.
തലങ്ങും വിലങ്ങും വാഹനങ്ങൾ നിറയുന്നതോടെ സ്റ്റാൻഡിനുള്ളിലെത്തുന്ന ബസുകൾക്ക് തിരിച്ചിടാൻ പ്രയാസപ്പെടേണ്ടി വരുന്നു. രണ്ടോ മൂന്നോ തവണ മുന്നോട്ടും പിന്നോട്ടുമെടുത്താണ് ആളുകളെ കയറ്റിയിറക്കുന്നത്. ചുരുങ്ങിയ വിസ്തൃതിയുള്ള സ്ഥലത്താണ് സ്റ്റാൻഡ് പണിതത്. മൂന്നുവശത്ത് കെട്ടിടങ്ങളായതോടെ യാത്രക്കാരും മറ്റാവശ്യങ്ങൾക്കെത്തുന്നവരും ബുദ്ധിമുട്ടിലാവുകയാണ്. വ്യാപാരസ്ഥാപനങ്ങളും കാത്തിരിപ്പ് കേന്ദ്രങ്ങളും കെട്ടിട നിർമാണവും ആയതോടെ ബസുകളെ ഉൾക്കൊള്ളാൻ സ്റ്റാൻഡിൽ സൗകര്യമില്ലാതായി. സ്റ്റാൻഡിന്റെ തെക്കുവശത്ത് പഞ്ചായത്ത് നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പണി നടന്നുവരിയാണ്. ടാക്സികളും ഗുഡ്സ് വാഹനങ്ങളും സ്റ്റാൻഡിനകത്തു തന്നെയാണ് നിർത്തിയിടുന്നത്. ഇതിനു പുറമേ സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നതോടെ ബസുകൾക്ക് കയറാൻ ഇടമില്ലാതാവുകയായിരുന്നു. പ്രവേശന ഭാഗത്തുകൂടി ഒരു ബസിനു മാത്രം കഷ്ടിച്ച് കയറിയിറങ്ങാനുള്ള സൗകര്യമാണുള്ളത്.
ഇതുമൂലം ബസുകൾ പലതും സ്റ്റാൻഡിൽ കയറാതെ റോഡരികിൽ നിർത്തി ആളുകളെ കയറ്റുകയാണ്.
മലയോര ഹൈവേ വഴി സർവീസ് നടത്തുന്ന ബസുകളാണ് കൂടുതലും സ്റ്റാൻഡിൽ കയറ്റാത്തത്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഉള്ളവർ ഇതുമൂലം ബസ് കയറാൻ പരക്കം പായേണ്ടിവരുന്നു. സ്ത്രീകളും പ്രായമായവര്യമാണ് കൂടുതൽ പ്രയാസപ്പെടുന്നത്.ബസ് കയറാൻ തിടുക്കപ്പെട്ട് റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾ ഉണ്ടാക്കുമെന്നാണ് ആശങ്ക.
വയനാട് ജില്ലയിൽനിന്നും ഇരിട്ടി വഴി വരുന്ന ബസുകളാണ് റോഡരികിൽ നിർത്തുന്നത്.
ചെറുപുഴ, പാണത്തൂർ, കാഞ്ഞങ്ങാട്, ബളാൽ, ബന്തടുക്ക, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താൻ എളുപ്പമാർഗമാണ് മലയോര ഹൈവേ. ഈ റൂട്ടിൽ നിരവധി ബസുകളുമുണ്ട്.
ബസുകൾ റോഡരികിൽ നിർത്തുന്നതോടെ എങ്ങോട്ടുപോകുന്നതാണെന്നറിയാൻ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഉള്ളവർക്ക് കഴിയുന്നില്ല.
കുടിയാന്മലയിൽനിന്നുള്ള പ്രിയദർശിനി ബസുകളും നടുവിൽവരെ ഓടുന്ന സ്വകാര്യ ബസുകളും മാത്രമാണ് സ്റ്റാൻഡിൽ കയറുന്നത്. എം.പി., എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമിച്ച മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്റ്റാൻഡിനകത്തുണ്ട്. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതായതോടെ റോഡരികിൽ നിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.
പോലീസും പഞ്ചായത്തധികൃതരും ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 06 Nov 2026, 04:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented