പിലാത്തറ : ഗ്രാമീണ ഉൾനാടൻ റോഡുകൾ കാട് വിഴുങ്ങി. മിക്ക റോഡുകളിലും വാഹനഗതാഗതവും കാൽനടയാത്രയും ദുസ്സഹമായി. ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെ പല പ്രധാന റോഡുകളടക്കം കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും കൊണ്ട് മൂടിയ നിലയിലാണ്. വാഹനങ്ങൾ കുതിച്ചുപായുന്ന പ്രധാന മെക്കാഡം റോഡിന് ഇരുവശവും പുൽച്ചെടികളും കാടും പടർന്ന് പന്തലിച്ച് റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ ജനങ്ങൾ കാൽനടയായി റോഡിലൂടെ നടന്നുപോകുന്നത് അപകട ഭീഷണിയാണ്.

To advertise here,

പരിയാരം-ശ്രീസ്ഥ-നെരുവമ്പ്രം, പരിയാരം ഔഷധി-തുമ്പോട്ട-ചന്തപ്പുര, മാതമംഗലം-പാണപ്പുഴ-പറവൂർ-ആലക്കാട്-ഏര്യം തുടങ്ങിയ പ്രധാന റോഡിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുമ്പോൾ കാൽനടയായി പോകുന്നവർക്ക് അരികിലേക്ക് മാറാൻ കഴിയാത്തത് അപകടഭീഷണി ഉയർത്തുന്നു. നരീക്കാംവള്ളി-കോട്ടക്കുന്ന്-പുറച്ചേരി-ഏഴിലോട്, പുറച്ചേരി-കോട്ട തീരദേശ റോഡ്, അറത്തിലമ്പലം-ഏഴിലോട്, പിലാത്തറ -ഭാരത് റോഡ് അറത്തിൽ, പീരക്കാംതടം-പുത്തൂർ റോഡ്, കടന്നപ്പള്ളി കിഴക്കേക്കര-വിളയാങ്കോട്, പടിഞ്ഞാറെക്കര-ചിറ്റന്നൂർ റോഡ്, വിളയാങ്കോട്-മുച്ചിലോട്ട്-പള്ളി റോഡ്, ശ്രീസ്ഥ-അതിയടം റോഡ് തുടങ്ങി പഞ്ചായത്ത് റോഡുകളും കാട്‌ മൂടുകയാണ്.

ഇഴജന്തുക്കളും വന്യമൃഗങ്ങളും ഭീഷണി

:ഗ്രാമങ്ങളിലെ റോഡുകളിലും ഒഴിഞ്ഞ പറമ്പുകളിലും ഇടതൂർന്ന് വളർന്ന് പന്തലിച്ച കാടുകൾ കാരണം നാട്ടിലാകെ ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും

ഭീഷണി കൂടാൻ കാരണമായി. കാട്ടുപന്നികളും കുറുക്കന്മാരും ഉൾനാടുകളിൽ വല്ലാതെ പെരുകിവരുന്നു. കാട് കയറിയ റോഡുകളിൽ ഇവയുടെ വിളയാട്ടം രൂക്ഷമാണ്. പാമ്പ് അടക്കമുള്ള ഇഴജന്തുക്കളും നിരവധിയാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് പ്രയാസത്തിലാവുന്നത്.