അടയ്ക്കാത്തോട് : കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സൗജന്യ നീന്തൽപരിശീലനം തുടങ്ങി. പഞ്ചായത്തിന്റെ 2026-27 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ 80 വിദ്യാർഥികൾക്ക് കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയിൽ നീന്തൽപരിശീലനം നൽകുന്നത്. അഗ്നിരക്ഷാസേനയുടെയും വനംവകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിശീലനം നൽകുക. തുടർന്ന് മഞ്ഞളാംപുറം, അടയ്ക്കാത്തോട് യു.പി. സ്കൂളുകളിലെ കുട്ടികളെയും നീന്തൽ പരിശീലിപ്പിക്കും. അഗ്നിരക്ഷാസേനയാണ് കുട്ടികളെ ശാസ്ത്രീയമായി നീന്തൽപഠിപ്പിക്കുന്നത്.

To advertise here,

കോച്ചിക്കുളം ചീങ്കണ്ണിപ്പുഴയോരത്ത് നടക്കുന്ന നീന്തൽപരിശീലനത്തിന്റെ ഉദ്ഘാടനം കേളകം പഞ്ചായത്ത് പ്രസിഡൻറ്‌ ലിസി ജോസഫ് നിർവഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൽ സലാം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ രാജു, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ കൊളക്കാടൻ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. മനോജ്‌കുമാർ, പേരാവൂർ അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ കെ.എ. ജിനേഷ്, കേളകം എസ്.ഐ. തോമസ് സെബാസ്റ്റ്യൻ, കെ. നിഷാന്ത്, ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻ കെ. സഹദേവൻ, കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡൻറ് സന്തോഷ് ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.സി. പ്രജീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ ബാബു ആയോടൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിതിൻ ശശീന്ദ്രൻ, പാരാ റെസ്ക്യൂ ഓഫീസർമാരായ ടി.ജെ. റോബിൻ, പി.വി. അനൂപ്, ഹോംഗാർഡുമാരായ എം. രമേശൻ, കെ.എം. അനീഷ് എന്നിവർ ചേർന്നാണ് വിദ്യാർഥികളെ ശാസ്ത്രീയമായി നീന്തൽപരിശീലിപ്പിക്കുന്നത്.