​പെരിയ : കോട്ടപ്പാറ-കൊടവലം റോഡ് തകർന്നതിനാൽ അപകടഭീതിയിൽ നാട്ടുകാർ. നിത്യേന അഞ്ചോളം സ്കൂൾ ബസ്സുകൾ യാത്ര ചെയ്യുന്ന റോഡിന്റെ തകർച്ച പരിഹരിക്കാൻ നടപടി വൈകുന്നു.

To advertise here,

ഒരു വർഷം മുമ്പ്‌ റീ ടാറിംഗിന് ടെൻഡർ വിളിച്ച കരാറുകാരൻപാതിവഴിയിൽ പണി നിർത്തിയതോടെയാണ് യാത്ര കൂടുതൽ ദുരിതമായത്. പടാങ്കോട്ട് വളവിൽ റോഡ് പാതി പിളർന്ന് കിടക്കുകയാണ്. റോഡിന്റെ പടിഞ്ഞാറ് ഭാഗം വലിയ താഴ്ചയാണ്.

ഇതു വഴിപോകുന്ന വാഹനങ്ങൾ റോഡിലെ കുഴിയിൽ വീഴുന്നത് ഒഴിവാക്കാൻ അരികിലേക്ക് ഒതുക്കിയാൽ താഴ്ചയിലേക്ക് പതിക്കാൻ ഇടയുണ്ട്.

ഒക്ടോബറിൽ ആണ് കോട്ടപ്പാറ കൊടവലം റോഡിൽ ഓവുചാൽ നിർമാണവും കോൺക്രീറ്റ് ചെയ്ത് വീതി വർധിപ്പിക്കലും പൂർത്തിയാക്കിയത്. എന്നാൽ യുദ്ധം വന്നതോടെ ടാറിന്റെ വിലവർധനവ് താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കരാറുകാരൻ പണി നിർത്തുകയായിരുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും പടാങ്കോട്ട് മുതൽ കൊടവലം റോഡ് വരെയുള്ള ഭാഗം റീടാറിംങ് ചെയ്യാതെകിടക്കുകയാണ്. രണ്ടാഴ്ച മുമ്പ് കൊടവലം സംഗമം ക്ലബ് ഭാരവാഹികൾ പരാതിയുമായി പഞ്ചായത്തിലെത്തി. കോൺക്രീറ്റ് പ്രവൃത്തിയുടെ ബില്ല് കരാറുകാരന് അനുവദിച്ചിരുന്നു.

നിലവിൽ ടാറിന് വിലകൂട്ടി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അസിസ്റ്റന്റ്‌ എഞ്ചിനിയർ രമ്യ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ നിർത്തിവെച്ച പണി ഉടൻ ചെയ്യിക്കാനാവുമെന്ന് അവർ പറഞ്ഞു.

പാണത്തൂർ റോഡിലേക്ക്ചേരുന്നതിനാൽ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. രാവിലെ സ്കൂൾ ബസുകൾ ആടിയുലഞ്ഞ് പോകുന്നത് കണ്ട്നെഞ്ചിടിപ്പോടെയാണ് രക്ഷിതാക്കൾ കഴിയുന്നത്.

പഞ്ചായത്തിലെ ഒൻപത്, 10, 11 വാർഡുകളിലെ ജനങ്ങൾ ദൈനംദിനം ആശ്രയിക്കുന്ന റോഡിന്റെ തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

അതേസമയം റോഡ് പ്രവൃത്തിയുടെ സമയത്ത് ഉണ്ടായ ചില സാങ്കേതികപ്രശ്നങ്ങളാണ് പണി നിലച്ചുപോകാൻ ഇടയാക്കിയതെന്ന് കരാറുകാരൻ മുഹമ്മദ് സാജിദ് പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ട് വരാത്തവിധം ഒരാഴ്ചക്കകം പ്രവർത്തി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.