അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസ് @1865
അഞ്ചരക്കണ്ടി : പൈതൃകപ്പട്ടികയിൽ ഇടം നേടിയതും ബ്രിട്ടീഷ് ആധിപത്യകാലത്ത് സ്ഥാപിച്ചതുമായ ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ട്രാർ ഓഫീസ് കാലപ്പഴക്കത്താൽ തകർച്ച നേരിടുകയാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മലബാറിലെത്തിയ ബ്രൗൺ സായ്പന്മാരുടെ കാലത്ത് സ്ഥാപിതമായ രജിസ്ട്രാർ ഓഫീസാണിത്. അഞ്ചരക്കണ്ടിയിൽ ബ്രൗൺ സായ്പന്മാർ വിലകൊടുത്ത് വാങ്ങിയ കറപ്പത്തോട്ടം രജിസ്റ്റർ ചെയ്യാനായിട്ട് സ്ഥാപിച്ചതായിരുന്നു. ഇന്ത്യയിൽ ഭൂമി രജിസ്റ്റർചെയ്യുന്ന പദ്ധതി ആദ്യമായി തുടങ്ങിയതും ഇതോടെയാണ്. ഭൂമിയുടെ പ്രമാണങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ബ്രിട്ടീഷുകാരനായ മർഡോക് ബ്രൗൺ 1865-ലാണ് സംവിധാനം തുടങ്ങിയത്. അഞ്ചരക്കണ്ടിയിൽ 1865-ൽ അന്ന് സ്ഥാപിച്ച സബ് രജിസ്ട്രാർ ഓഫീസ് അതേ കെട്ടിടത്തിലാണ് ഇന്നും പ്രവർത്തിക്കുന്നത്.
ഏറെ പ്രത്യേകതകളോടെ നിർമിക്കപ്പെട്ട കെട്ടിടത്തിന്റെ ഉൾഭാഗത്ത് പല ഘട്ടങ്ങളിലായി മാറ്റങ്ങൾ വരുത്തിയെങ്കിലും കാര്യമായ നവീകരണം നടന്നിട്ടില്ല. പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും അത്തരത്തിലൊരു നവീകരണ-സംരക്ഷണ പ്രവർത്തനങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
ചോർച്ച, രേഖകൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതി എന്നിവ ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്.ഏകദേശം മൂന്നരലക്ഷത്തിലധികം ഭൂരേഖകളുടെ സൂക്ഷിപ്പുകൾ ഇവിടെയുണ്ട്. മാസംതോറും ഏകദേശം 230-250 ഭൂമി രജിസ്റ്റർചെയ്യുന്ന ഇവിടെ രേഖകൾ സൂക്ഷിക്കലാണ് പ്രയാസം. രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നുണ്ടെങ്കിലും കൈയെഴുത്ത് പ്രതികളും സൂക്ഷിക്കണം. ചോർച്ച കാരണം ആദ്യകാലത്തെ പല രേഖകൾക്കും കാര്യമായ കേട് സംഭവിച്ചിട്ടുണ്ട്. നിലവിൽ രേഖകൾ സൂക്ഷിച്ച മുറിയിൽ ചോർച്ചയുണ്ട്. ടാർപോളിൻ ഷീറ്റുകൊണ്ട് മേൽക്കൂര അടച്ചാണ് താത്‌കാലിക പരിഹാരം കാണുന്നത്.
ഓഫീസിലെത്തുന്നവർക്ക് ആവശ്യത്തിന് ഇരിപ്പിടങ്ങളുമില്ല. പ്രായം ചെന്നവർക്കും ഭിന്നശേഷിക്കാർക്കും ഓഫീസിനകത്ത് എത്തിയാൽ ഒന്നിരിക്കാൻപോലുമിടമില്ലാത്ത അവസ്ഥയാണ്.
ഫ്രാൻസിൽനിന്നുള്ള പ്രത്യേകതരം ഓടുകളാണ് മേൽക്കൂരയിൽ പാകിയിട്ടുള്ളത്. മുറിയിൽ പ്രകാശം കിട്ടാൻ പാകിയ ഗ്ലാസ് ഓടുകളും തെളിമ നഷ്ടപ്പെടാതെയുണ്ട്. വാസ്തുവിദ്യയിൽ നിർമിച്ച ഏറെ ചരിത്രപ്രാധാന്യമുള്ള സബ് രജിസ്ട്രാർ ഓഫീസ് തനതുരൂപത്തിൽ സംരക്ഷിക്കാൻ നടപടി വേണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
രണ്ടരവർഷം മുമ്പ് കെട്ടിടത്തിന്റെ മുന്നിലെ വൻ തേക്കുമരം കടപുഴകി തകർന്ന മതിൽ ഇതുവരെ പുനർനിർമിച്ചിട്ടില്ല. ഓഫീസിന് സമീപത്തുള്ള മരങ്ങൾ ഇപ്പോഴും കെട്ടിടത്തിന് ഭീഷണിയാണ്.
കെട്ടിടത്തിന്റെ അപകടാവസ്ഥ പലപ്പോഴായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.
Published: 07 Nov 2026, 04:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented