കാസർകോട് : റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഒൻപത്, 10 തീയതികളിൽ നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സ്‌കിൽ ഫെസ്റ്റും ഇതോടൊപ്പം നടക്കും.

To advertise here,

ജില്ലയിലെ ഏഴ് ഉപജില്ലകളിൽനിന്ന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരും കണ്ണൂർ ജില്ലയിലെ 41 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽനിന്നുള്ളവരുമാണ് ജില്ലാ മേളയിൽ മത്സരിക്കുന്നത്. രണ്ട്‌ ദിവസങ്ങളിൽ വിവിധ വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാർഥികൾ മത്സരിക്കും.

ആദ്യദിനം പ്രവൃത്തിപരിചയ മേളയിൽ 70 ഇനങ്ങളിൽ 836 പേരും ഐ.ടി. മേളയിൽ 10 ഇനങ്ങളിൽ 207 പേരും മത്സരിക്കും. രണ്ടാംദിനം ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര മേളകൾ നടക്കും. ഇവയിൽ യഥാക്രമം 586, 420, 283 കുട്ടികൾ മത്സരിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കിൽ ഫെസ്റ്റിൽ 18 ഇനങ്ങളിലായി 310 പേരും പങ്കെടുക്കും. ശാസ്ത്രനാടകം, ശാസ്ത്രക്വിസ് എന്നീ മത്സരങ്ങൾ നേരത്തേ പൂർത്തിയായി.

സ്‌കൂളിലെ അഞ്ച് ബ്ലോക്കുകളിലെ ക്ലാസ് മുറികളും 41 സ്റ്റാളുകളും മത്സരവേദികളാക്കും. വേദികളും മത്സര ഇനങ്ങളും കണ്ടെത്താൻ ക്യു.ആർ. കോഡ് സംവിധാനവുമുണ്ട്. ഹരിതചട്ടം പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്. വാഹനങ്ങൾക്ക് സിവിൽ സ്റ്റേഷൻ വളപ്പിലും മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തും പാർക്കിങ് സൗകര്യമൊരുക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് മന്ത്രി കെ. മുരളീധരൻ മേള ഉദ്ഘാടനംചെയ്യും. കല്ലട്ര മാഹിൻ എം.എൽ.എ. അധ്യക്ഷനാകും. മേളയുടെ ലോഗോ രൂപകൽപനചെയ്ത സ്റ്റെഫി ഭീമനടിയെ എ.കെ.എം. അഷ്‌റഫ് എം.എൽ.എ. ഉപഹാരം നൽകി ആദരിക്കും. കെ. നീലകണ്ഠൻ എം.എൽ.എ. മുഖ്യാതിഥിയാകും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന സമാപനച്ചടങ്ങ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനാകും.

ശാസ്‌ത്രോത്സവത്തിന്‌ മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് നാലിന് നായന്മാർമൂലയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

വിജയികൾക്ക് സമ്മാനം ഉടൻ

ഇത്തവണ ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക് ഫലം വന്ന ഉടൻ സമ്മാനം നൽകും. ഇതിനായി 500 ഓളം ട്രോഫികളും തയാറാക്കിയിട്ടുണ്ട്.

വിളംബര ജാഥ നടത്തി

വിദ്യാനഗർ : റവന്യൂജില്ലാ ശാസ്ത്രമേളയുടെ മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി. നായന്മാർമൂല ജമാ അത്ത് ഖജാൻജി എൻ.എം.അബ്ദുള്ള, സെക്രട്ടറി ടി.ഐ.ആസിഫ്, സ്കൂൾ പി.ടി.എ. പ്രസിഡന്റ് എസ്.റഫീഖ്, വൈസ് പ്രസിഡന്റ് ഹനീഫ വിദ്യാനഗർ, പ്രിൻസിപ്പൽ അബ്ദുള്ള കുഞ്ഞി, പ്രഥമാധ്യാപകൻ പി.കെ.അനിൽകുമാർ, പ്രചാരണ കമ്മിറ്റി ചെയർമാൻ എ.എൽ.മുഹമ്മദ് അസ്ലം, കൺവീനർ ഷമീർ തുടങ്ങിയവർ സംസാരിച്ചു.