ചെറുവത്തൂർ : ദേശീയപാത 66-ൽ ആറുവരിപ്പാത പൂർത്തിയായ ഇടങ്ങളിൽ സർവീസ് റോഡിന്റെ പ്രവൃത്തി അനന്തമായി നീളുന്നത് അപകടത്തിന് വഴിവെക്കുന്നു. യാത്രാനുമതിയില്ലാത്ത ചെറുവാഹനങ്ങളെല്ലാം ആറുവരിപ്പാതയിലൂടെയാണ് സർവീസ് നടത്തുന്നത്. സർവീസ് റോഡിൽനിന്നും അശ്രദ്ധമായി ആറുവരിപ്പാതയിലേക്ക് കയറുന്ന വാഹനങ്ങളിൽ വേഗത്തിലോടുന്ന വലിയ വാഹനങ്ങൾ ഇടിക്കുന്നത് നിത്യകാഴ്ചയായി.

To advertise here,

വെള്ളൂരിനും നീലേശ്വരത്തിനുമിടയിൽ ചെറുവത്തൂരിലും നീലേശ്വരം മാർക്കറ്റ് ജങ്ഷനിലും മാത്രമാണ് ആറുവരിപ്പാത പൂർത്തിയാകാനുള്ളത്. ചെറുവത്തൂരിൽ പടന്നറോഡിന് കുറുകെ ഇരുഭാഗങ്ങളിലായി 115 മീറ്റർ വയഡക്ടും റെയിൽവേ സ്റ്റേഷൻ-വ്യാപാരിഭവൻ റോഡിൽ അടിപ്പാതയും കാര്യങ്കോട് പാലത്തിനും മയ്യച്ച പാലത്തിനുമിടയിൽ 330 മീറ്റർ ഉയരപ്പാതയും പണിയാനുണ്ട്. നീലേശ്വരത്ത് മണ്ണുകൊണ്ട് തീർത്ത് പാതമാറ്റി തൂണിൽ പാത പണിയണമെന്ന ആവശ്യവുമായി ജനകീയ സമതി സമരത്തിലാണ്.

ആറുവരി പൂർത്തിയായ ഇടങ്ങളിൽ ഇരുഭാഗങ്ങളിലും സർവീസ് റോഡ് അപൂർണമാണ്. മയ്യിച്ച, വെങ്ങാട്ട്, ചെറുവത്തൂർ, പിലിക്കോട്, മട്ടലായി എന്നിവിടങ്ങളിലെല്ലാം സർവീസ് റോഡിന് പ്രവൃത്തി ബാക്കിയാണ്. ഇത് എന്ന് പൂർത്തിയാകുമെന്ന് ഉറപ്പില്ല.

മട്ടലായി മുതൽ കാലിക്കടവ് വരെ കിഴക്ക് ഭാഗത്തെ സർവീസ് റോഡിലൂടെ ബസ് ഉൾപ്പെടെ ഓടുന്നുണ്ട്. പടിഞ്ഞാറുഭാഗത്ത് കാലിക്കടവ്‌മുതൽ മട്ടലായിവരെ സർവീസ് റോഡ് ഏതാണ്ട് പൂർത്തിയായെങ്കിലും ബസ് ഉൾപ്പെടെ ഇതിലൂടെ സർവീസ് നടത്തുന്നില്ല. പയ്യന്നൂർ, തൃക്കരിപ്പൂർ വഴി ചെറുവത്തൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തീക്കുഴിച്ചാൽ കഴിഞ്ഞ ഉടൻ ആറുവരിപ്പാതയിലൂടെയാണ് യാത്ര. ഇക്കാരണത്താൽ പിലിക്കോടിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ബസ് യാത്രയ്ക്ക് കിലോമീറ്ററോളം നടക്കണം.

പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കളിന് സമീപത്തും മട്ടലായിയിലും സർവീസ് റോഡ് പൂർത്തിയാക്കിയാൽ കാലിക്കടവിൽനിന്നും ചെറുവത്തൂരിലേക്ക് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യാത്ര സുഗമമാകും. പിലിക്കോടും മട്ടലായിയിലും വെങ്ങാട്ടും മയ്യിച്ചയിലും സർവീസ് റോഡിന്റെ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.