കാസർകോട് : മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് ബി.ജെ.പി. സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവൻ ആവശ്യപ്പെട്ടു. ബി.ജെ.പി. ജില്ലാ കമ്മിറ്റി സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി നടത്തിയ ശില്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

കേരളത്തിന്റെ തീരദേശത്തെ കൊള്ളയടിക്കാൻ ഒത്താശചെയ്തതിന്റെ പ്രതിഫലമായാണ് പിണറായി വിജയൻ ഈ തുക കൈപ്പറ്റിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കിൽ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന്‌ നീക്കംചെയ്യാൻ എൽ.ഡി.എഫ്. തയ്യാറാകണം -വി.കെ. സജീവൻ പറഞ്ഞു.

ബി.ജെ.പി. ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും ജില്ലാ, മണ്ഡലം ഉപസമിതി അംഗങ്ങൾക്കുമായാണ് ശില്പശാല നടത്തിയത്. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അധ്യക്ഷതവഹിച്ചു. എ.വി. ഷിജു, പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത്, എം. സഞ്ജീവ് ഷെട്ടി, വി. രവീന്ദ്രൻ, ബാലകൃഷ്ണ ഷെട്ടി, സതീഷ് ചന്ദ്ര ഭണ്ഡാരി, എ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.