തൃക്കരിപ്പൂർ: ജില്ലയിലെ കായികമേഖലയുടെ കിതപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. നിരവധി അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങൾ ഉയർന്നുവന്നിട്ടും ആ കിതപ്പിന് മാത്രം ഇന്നും മാറ്റമില്ല. കായികമേഖലയിലെ കിതപ്പ് കുതിപ്പിലേക്ക് മാറ്റാനാണ് തൃക്കരിപ്പൂർ നടക്കാവിൽ രാജീവ് ഗാന്ധി സ്പോർട്സ് അരീന (ജില്ലാ മൾട്ടിപർപ്പസ് സ്റ്റേഡിയം) നിർമിച്ചത്. പ്രഖ്യാപിച്ച കാലംമുതൽ കായികതാരങ്ങളും പരിശീലകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം പിന്നിട്ടിട്ടും ഇന്നും തുറന്നുകൊടുത്തിട്ടില്ല. ഇതിനിടയിൽ നിർമാണത്തിലെ അപാകങ്ങളും പുറത്തുവരികയാണ്. നീന്തൽക്കുളത്തിന്റെയും ഇൻഡോർ സ്റ്റേഡിയത്തിലെ വെളിച്ചസംവിധാനത്തിലെ പാളിച്ചകളും അപാകങ്ങളിൽ ഉൾപ്പെടുന്നു.
നീണ്ടുപോയ നിർമാണം
18 മാസമായിരുന്നു സ്റ്റേഡിയത്തിന്റെ നിർമാണ കാലാവധി. എന്നാൽ വർഷങ്ങളെടുത്താണ് നിർമാണം പൂർത്തിയായത്. ഒടുവിൽ ഫെബ്രുവരി എട്ടിനാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
നീന്തൽക്കുളം 'കുളമായോ?’
സ്റ്റേഡിയത്തിലെ പ്രധാന ആകർഷണമായ ഒളിമ്പിക് പൂൾ ഉദ്ഘാടനദിവസംതന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. പുതിയ നീന്തൽക്കുളത്തിന്റെ അടിഭാഗത്ത് നിറയെ പായലും വെള്ളത്തിൽ ഇഷ്ടികയുമുണ്ടായതുകൊണ്ട് നീന്താനിറങ്ങാതെ കുട്ടികൾ തിരിച്ചുപോയിരുന്നു. കോടികൾ ചെലവിട്ട് പണിത സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിൽ അടിസ്ഥാനസൗകര്യമൊരുക്കിയതിൽ വീഴ്ചസംഭവിച്ചത് തുടക്കത്തിലേ ആക്ഷേപത്തിന് വഴിവെച്ചു. സംസ്ഥാന, ദേശീയ മത്സരങ്ങൾ ഇവിടെ നടത്തുമെന്നാണ് മുൻ കായികമന്ത്രി അറിയിച്ചത്. എന്നാൽ, ആറുമാസമായി അടച്ചിട്ട നീന്തൽക്കുളത്തിൽ ഇനി എങ്ങനെ പരിശീലനം നടത്തുമെന്നതിൽ സംശയമുണ്ട്. സംസ്ഥാന, ദേശീയ മത്സരങ്ങൾക്ക് നിരവധി താരങ്ങളെത്തും. എന്നാൽ, 500 മുതൽ ആയിരത്തിലേറെ താരങ്ങളെത്തിയാൽ അവർക്ക് ദേഹം ശുദ്ധിയാക്കാൻ സൗകര്യം ഇവിടെ കുറവാണ്. വനിതാ, പുരുഷ വിഭാഗങ്ങൾക്കായി ഓരോ ഷവർ മാത്രമാണുള്ളത്. ഒഫീഷ്യലുകൾക്ക് ഇരിക്കാനും മറ്റും സൗകര്യവുമില്ല. തുറന്നുകൊടുക്കുന്നതിന് മുൻപ് ഈ അപാകം പൂർണമായും പരിഹരിക്കണമെന്നാണ് കായികതാരങ്ങളുടെ ആവശ്യം.
ആശങ്കകളേറെ
കായികതാരങ്ങൾക്ക് ഉന്നതനിലവാരത്തിലുള്ള പരിശീലനസൗകര്യം ഉറപ്പുവരുത്തുക, അന്തർദേശീയ നിലവാരത്തിലുള്ള വിവിധ കായിക ഇനങ്ങളിൽ പരിശീലനം നടത്താൻ സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കായികവകുപ്പ് സ്റ്റേഡിയം നിർമിച്ചത്. 31.54 കോടി രൂപ ചെലവിൽ കിഫ്ബി മുഖേനയാണ് സ്റ്റേഡിയം നിർമിച്ചത്. കായികവകുപ്പിന്റെ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കിറ്റ്കോയാണ് പദ്ധതി നടപ്പാക്കിയത്. കോഴിക്കോട് ആസ്ഥാനമായ മാപ്സ് ഗ്ലോബൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് പദ്ധതിയുടെ കരാർ ലഭിച്ചത്. അടച്ചിട്ടിരിക്കുന്നതു കാരണം കോടിക്കണക്കിന് രൂപയുടെ വുഡൻ കോർട്ടുകൾക്കും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്.
അപാകം പരിഹരിക്കണം; മേൽനോട്ടം കാര്യക്ഷമമാക്കണം
കായികമേഖലയിൽ വാഗ്‌ദാനങ്ങൾ നൽകിയാലോ സ്റ്റേഡിയങ്ങൾ നിർമിച്ചാലോ മാത്രം പോരാ. നിർമാണത്തിലുണ്ടായ അപാകങ്ങൾ പരിഹരിച്ച് മികച്ച മേൽനോട്ടത്തിൽ സ്റ്റേഡിയം പ്രവർത്തനസജ്ജമാക്കാനും അധികൃതർ തയ്യാറാകണം. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പരാമവധി കായികതാരങ്ങൾ സ്റ്റേഡിയത്തിലെ കായികസൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ നടപടി സ്വീകരിക്കണം. നിശ്ചിത ഇടവേളകളിൽ സ്റ്റേഡിയം നവീകരിക്കാനും അറ്റകുറ്റപ്പണിക്കും തുടർന്നുള്ള മേൽനോട്ടത്തിനും നടപടി സ്വീകരിക്കണം. സ്റ്റേഡിയത്തിലേക്ക് ആവശ്യത്തിന് കളിയുപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കണം.
രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിനും വേണം നോട്ടം
രാജീവ് ഗാന്ധി സ്പോർട്സ് അരീന തുറന്നുകൊടുക്കുമ്പോൾ തൊട്ടടുത്ത രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിന്റെ അപാകവും പരിഹരിക്കണം. സംസ്ഥാന, ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പുകൾക്കും ടീം തിരഞ്ഞെടുപ്പിനും വേദിയാകുന്ന നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ജില്ലയിലെ ആദ്യത്തെ പുൽമൈതാനം ഇല്ലാതാകുകയാണ്. ടർഫിന്റെ സംരക്ഷണവേലി മിക്കയിടത്തും പൂർണമായും തകർന്നു. അറ്റകുറ്റപ്പണി നടത്താത്തതിനാൽ അപകടത്തിനും കളിക്കാർക്ക് പരിക്കുപറ്റാനുമുള്ള സാധ്യതയും കൂടുതലാണ്. മൈതാനത്തിലെ കൃത്രിമനാരുകൾ പലയിടത്തും ഇളകി. മൈതാനത്ത് മാലിന്യവും കാണാം.
Published: 08 Sept 2026, 05:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented