കീഴൂർ: കീഴൂർ കടപ്പുറത്തെ ഫിഷറീസ് സ്റ്റേഷന് മുന്നിലൂടെ പുലിമുട്ടിലേക്കെത്തുന്ന മൺതിട്ട കടൽത്തിരയിൽ അലിഞ്ഞുതീരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധം തീർത്തില്ലെങ്കിൽ ഈ മൺതിട്ട തകർന്ന് ചന്ദ്രഗിരി പുഴ കടലിൽചേരുന്ന പുതിയൊരു വഴി തുറക്കപ്പെടും. 12 മീറ്ററോളം വീതിയുണ്ടായിരുന്ന മൺതിട്ടയിപ്പോൾ ഒന്നരമീറ്ററോളം വീതിയുള്ള നടപ്പുവഴിയായി മാറിയിട്ടുണ്ട്. കീഴൂർ ഫിഷറീസ് സ്റ്റേഷനിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരത്താണ് സംഭവം.

To advertise here,

നേരത്തേ തുറമുഖനിർമാണത്തിന് ആവശ്യമായ കരിങ്കല്ലും സിമന്റും മണലുമെല്ലാം വഹിച്ച് തലങ്ങും വിലങ്ങും ട്രക്കുകൾ പാഞ്ഞ വഴിയാണ് ശോഷിച്ച്, മോട്ടോർ സൈക്കിൾ മാത്രം കടന്നുപോകുന്ന പരുവത്തിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി, ശക്തമായി അടിക്കുന്ന തിരകൾ തട്ടി ഇവിടുത്തെ മൺതിട്ട ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. തുറമുഖനിർമാണം കരാറെടുത്തവർ തങ്ങളുടെ ട്രക്കുകൾ കൊണ്ടുപോകാൻ മൺതിട്ട റോഡാക്കി മാറ്റിയിരുന്നു.

തുറമുഖത്തിന്റെ പ്രസക്തി നഷ്ടപ്പെടും

മൺതിട്ട ഇടിഞ്ഞാൽ, ചന്ദ്രഗിരിപ്പുഴ നേരെ ഒഴുകി കടലിൽചേരാൻ പുതിയൊരു വഴി തുറക്കും. അതോടെ 100 കോടിയിലധികം മുടക്കി നിർമിച്ച കാസർകോട് മീൻപിടിത്ത തുറമുഖത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാകുമെന്ന് കീഴൂരിലെ മീൻപിടിത്ത തൊഴിലാളികൾ പറഞ്ഞു.

കടലേറ്റത്തിൽ മണൽത്തിട്ട മുറിയുകയാണെങ്കിൽ, ചെറു തുറമുഖത്തിന്റെ കീഴൂർ ഭാഗത്തെ പുലിമുട്ടിലേക്ക് പോകാനുള്ള വഴിയും ഇല്ലാതാകും.