ചന്ദനക്കാംപാറ ഷിമോഗയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
ശ്രീകണ്ഠപുരം : പയ്യാവൂർ പഞ്ചായത്തിന്റെ വനാതിർത്തിയിൽ തൂക്കുവേലിയുണ്ടായിട്ടും കാട്ടാനശല്യത്തിന് പരിഹാരമായില്ല. ചന്ദനക്കാംപാറ, വഞ്ചിയം, കൊട്ടാടി കവല, ആടാംപാറ, അരീക്കമല, ശാന്തിനഗർ, ചന്ദനക്കാംപാറ, ചിറ്റാരി, ഏലപ്പാറ, ചീത്തപാറ, ഒന്നാം പാലം തുടങ്ങിയ മേഖലയിലുള്ളവർ കാട്ടാന ശല്യം മൂലം പൊറുതിമുട്ടുകയാണ്.
ബുധനാഴ്ച രാത്രി ചന്ദനക്കാംപാറ ഷിമോഗയിൽ കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിപ്പിച്ചു. എട്ട് കാട്ടാനകളാണ് കൂട്ടത്തോടെ എത്തി തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ്, കുരുമുളക് തുടങ്ങിയ കൃഷികൾ നശിപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. തടത്തിൽ ലൈസമ്മ, പ്രസന്നൻ മുല്ലാത്ത്, വത്സമ്മ കൈപ്പള്ളിക്കാട്ടിൽ, മഞ്ഞകുഴയിൽ രാജേഷ്, മഞ്ഞളി ബെന്നി എന്നിവരുടെ വിളകളാണ് നശിപ്പിച്ചത്. ഷിമോഗനഗർ സെയ്ന്റ് ജോസഫ് പള്ളിയുടെ മൂന്ന് ഏക്കറിലെ വിളകളും നശിപ്പിച്ചിട്ടുണ്ട്. ആഴ്ചകളായി കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലിറങ്ങി വിളകൾ നശിപ്പിക്കുകയാണ്.
ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 11 കിലോമീറ്റർ ഭാഗത്ത് സൗരോർജ തൂക്കുവേലിയുണ്ട്. 80 ലക്ഷം രൂപ ചെലവിലാണ് നാല് വർഷം മുൻ തൂക്കുവേലികൾ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് 35 ലക്ഷം രൂപയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും ഇതിനായി ചെലവഴിച്ചു. അന്ന് ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാതെ വേലി ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. തുടർന്ന് വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് സ്ഥലത്തെത്തി പത്തോളം ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ആനകൾ മരം ഉപയോഗിച്ച് വേലി തകർത്താണ് നാട്ടിലിറങ്ങുന്നതെന്ന് കർഷകർ പറഞ്ഞു.
വനാതിർത്തിയിലെ കാടുവെട്ടിത്തെളിക്കാത്ത ഏക്കർ കണക്കിന് സ്വകാര്യഭൂമിയിൽ ആനകൾ തമ്പടിക്കുകയാണെന്നും പറയുന്നു. ഈ ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ കൃഷി നാശമുണ്ടായ സ്ഥലം സന്ദർശിച്ചു.
Published: 13 Nov 2026, 04:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented