നികുതിയടയ്ക്കാതെ പ്രവർത്തനാനുമതി നൽകി നഗരസഭ

To advertise here,

സിനിമാ തിയേറ്ററിൽനിന്നുള്ള നികുതി 20 ലക്ഷം രൂപ അടച്ചില്ല

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ വി.ജി.എം. തിയേറ്റർ 10 മാസത്തിലേറെയായി വിനോദനികുതിയടച്ചിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി. നികുതിയൊടുക്കാതിരുന്നിട്ടും കാഞ്ഞങ്ങാട് നഗരസഭ സിനിമാശാലയ്ക്ക്‌ പ്രവർത്തനാനുമതി നൽകി. ഇത് ഗുരുതരമായ വീഴ്ചയാണെന്നാണ് വിജിലൻസ് റിപ്പോർട്ട്.

100 രൂപയിൽ താഴെയുള്ള ടിക്കറ്റിന് അഞ്ചുരൂപയും അതിന് മുകളിൽ എട്ടരരൂപയുമാണ് നഗരസഭയിൽ അടയ്ക്കേണ്ട വിനോദനികുതി. ഇതിനുപുറമെ ടിക്കറ്റ് തുക കണക്കാക്കി 18 ശതമാനം ജി.എസ്.ടി.യും അവശകലാകാരന്മാരെ സഹായിക്കുന്ന ഫണ്ടിലേക്കുള്ള സെസ് ആയി ടിക്കറ്റൊന്നിന് മൂന്നുരൂപയും അടയ്ക്കണം. ഒന്നിലേറെ തിയേറ്ററുകളുണ്ട് വി.ജി.എമ്മിൽ. ഇവിടെയും കാഞ്ഞങ്ങാട് ദീപ്തി തിയേറ്ററിലും നഗരസഭയിലുമാണ് കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി. വി.കെ.വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

തിയേറ്ററുകളിലെ ബില്ലിങ് സോഫ്റ്റ് വെയർ, ഓൺലൈൻ ബുക്കിങ് വിവരങ്ങൾ, ജി.എസ്.ടി. റിട്ടേണുകൾ എന്നിവ പരിശോധിച്ചു. ദീപ്തി തിയേറ്റർ കൃത്യമായി തുക അടച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വി.ജി.എം. തിയേറ്ററുകളിൽനിന്നുള്ള ജി.എസ്.ടി.യും സെസ്സും കൃത്യമായി അടച്ചിട്ടുണ്ട്.

ഓരോ മാസത്തേയും വിനോദനികുതി തൊട്ടടുത്ത മാസത്തെ ആദ്യ ആഴ്ചയിൽ അടയ്ക്കണമെന്നാണ് കണക്ക്. തുകയടച്ചുകൊള്ളാമെന്ന് പറഞ്ഞുള്ള ഒരു ബോണ്ട് ഈ തിയേറ്ററുടമ നഗരസഭയിൽ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പുതുക്കിക്കൊടുത്തതെന്നാണ് നഗരസഭ ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. എന്നാൽ ബോണ്ട് നൽകിയാലൊന്നും പ്രവർത്തന ലൈസൻസ് പുതുക്കിക്കൊടുക്കാൻ പറ്റില്ലെന്ന് വിജിലൻസ് ഡിവൈ.എസ്.പി. വി.കെ.വിശ്വംഭരൻ നായർ പറഞ്ഞു. കുടിശ്ശികയായ നികുതിത്തുക പിഴസഹിതം തിട്ടപ്പെടുത്തി ഈടാക്കാനും നഗരസഭാ ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ തുടർ നടപടിക്കായും വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട്‌ അയക്കുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. എ.എസ്.ഐ.മാരായ സന്തോഷ് കെ.ഡോൺ, കെ.വി.റിജേഷ് കുമാർ, രാജേഷ് മേലത്ത്‌, ശ്രീജിത്ത് മടിക്കൈ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു. ജി.എസ്.ടി. ഉദ്യോഗസ്ഥരും പരിശോധിക്കാനെത്തിയിരുന്നു.