80 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പുതുക്കൈ തപാൽ ഓഫീസ് ഇല്ലാതാകുന്നതോടെ നാട്ടുകാർക്ക് തപാൽ സേവനങ്ങൾക്കായി നീലേശ്വരം തപാൽ ഓഫീസിനെ ആശ്രയിക്കേണ്ടി വരും

To advertise here,

നീലേശ്വരം : പുതുക്കൈ തപാൽ ഓഫീസ് അടച്ചുപൂട്ടാൻ നിർദേശം.

നഗരസഭാപരിധിയിൽ വരുന്ന അർബൻ ബ്രാഞ്ച് തപാൽ ഓഫീസുകൾ അടച്ചു പൂട്ടുകയെന്ന തപാൽവകുപ്പിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. പടന്നക്കാട്, കാഞ്ഞങ്ങാട് സൗത്ത് ബ്രാഞ്ച് തപാൽ ഒാഫീസുകളും ഈ പട്ടികയിലുണ്ട്. മൂന്ന് തപാൽ ഓഫീസുകളും കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലാണ്.

80 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പുതുക്കൈ തപാൽ ഓഫീസ് ഇല്ലാതാകുന്നതോടെ നാട്ടുകാർക്ക് തപാൽ സേവനങ്ങൾക്കായി നീലേശ്വരം തപാൽ ഓഫീസിനെ ആശ്രയിക്കേണ്ടി വരും. 700-ലധികം വീട്ടുകാർ ഈ ഓഫീസ് പരിധിയിലുണ്ട്. തിരിച്ചറിയൽ രേഖകളിലടക്കം മേൽവിലാസത്തിൽ മാറ്റം വരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്.

ഓഫീസ് നഷ്ടത്തിലാണെങ്കിൽ അത് പരിഹരിക്കാൻ നാട്ടുകാർ തയ്യാറാണ്.

ഈ സാഹചര്യത്തിൽ പുതുക്കൈ തപാൽ ഓഫീസ് പൂട്ടാനുള്ള നീക്കത്തിനെതിരെ പുതുക്കൈ നിവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നുണ്ട്. പ്രദേശത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും റെസിഡെന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പുതുക്കൈ ഗവ. യു.പി. സ്കൂളിൽ തപാൽ ഓഫീസ് സംരക്ഷിക്കാൻ കർമസമിതി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.