പയ്യന്നൂർ : ദേശീയപാതയിലെ പയ്യന്നൂർ ബൈപ്പാസിൽ മണ്ണിട്ട് ഉയർത്തി ടാർചെയ്യുന്ന പ്രവൃത്തി നിലച്ചു. 3.62 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസ് ഈമാസം അവസാനം തുറന്നുകൊടുക്കുന്നത് അനിശ്ചിതത്വത്തിലായി. പെരുമ്പ പാലത്തിനരികെയുള്ള ടാറിങ് പ്രവൃത്തി പൂർത്തിയായാൽ മാത്രമേ ആറുവരിപ്പാത തുറക്കാനാകൂ. മണ്ണിന്റെ ലഭ്യതക്കുറവ് കാരണമാണ് പ്രവൃത്തി നിലച്ചതെന്ന് നിർമാണ ഏജൻസിയായ മേഘ എൻജിനിയറിങ് പ്രതിനിധി പറയുന്നു.

To advertise here,

400 മീറ്ററോളം ഭാഗം മണ്ണിട്ട് ഉയർത്താനുണ്ട്. അവിടെ രണ്ടുമീറ്ററോളം ഉയരത്തിൽ മണ്ണിട്ടാൽ മാത്രമേ ഉയരക്രമീകരണം നടക്കു. അതിന് മുകളിലാണ് ടാറിങ് വരിക. നിലവിൽ മണ്ണ് കൊണ്ടുവരുന്നത് തളിപ്പറമ്പിനടുത്തുനിന്നാണ്. അവിടെ ന്ന് മണ്ണ് എടുക്കുന്നതിൽ തടസ്സം നേരിട്ടതിനാൽ പ്രവൃത്തി നിലച്ചിട്ട്‌ രണ്ടാഴ്ചയായി. നിലവിൽ പ്രശ്നം പരിഹരിച്ചെങ്കിലും മണ്ണ് എത്തിക്കാനുള്ള ദൂരപ്രശ്നമടക്കം പ്രവൃത്തിയുടെ വേഗത്തിന് തിരിച്ചടിയായി.

മഴ കഴിഞ്ഞതോടെ നിർമാണ ഏജൻസിയായ മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിൽ പ്രവൃത്തി തുടങ്ങിയിരുന്നു. കോത്തായിമുക്കിലെ ആറുവരിപ്പാതയുടെ ബാക്കിയുള്ള പ്രവൃത്തി പൂർത്തിയായി. എന്നാൽ, പെരുമ്പ പാലത്തിനരികെയുള്ള പ്രവൃത്തി നിലയ്ക്കുകയായിരുന്നു.

പുതുക്കിയ രൂപരേഖപ്രകാരം തൂണിൻമേലുള്ള വയഡക്ട് (മേൽപ്പാലം) വരുന്നതുവരെ താത്കാലികമായി ബൈപ്പാസ് തുറക്കാനായിരുന്നു പദ്ധതി. രൂപരേഖ അന്തിമമായാൽ ബൈപ്പാസ് അടയ്ക്കും. നഗരം തൊടാതെ പോകുന്ന ബെപ്പാസ് പൂർത്തിയായാൽ ശബരിമല സീസണിലെ വാഹനത്തിരക്കും നഗരറോഡിലെ തിരക്കും ഒഴിയും. കോത്തായിമുക്ക് പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ടാണ് ബൈപ്പാസ് അവസാനിക്കുന്നത്.

ഇടപെടണം

:പെരുമ്പവഴിയുള്ള പഴയ ദേശീയപാതയിലെ അതിരൂക്ഷമായ വാഹനത്തിരക്ക് കുറയ്ക്കാൻ പുതിയ ബൈപ്പാസ് തുറന്നുകൊടുക്കാൻ കളക്ടർ ഇടപെടണം. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ., നഗരസഭാ ചെയർമാൻ സരിൻ ശശി ഉൾപ്പെടെ മുൻകൈ എടുത്താണ് ദേശീയപാതാ പ്രവൃത്തി വേഗത്തിലാക്കിയത്.