യാഥാർഥ്യമാകുന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യം

To advertise here,

മഞ്ചേശ്വരം : ഏറെക്കാലത്തെ മുറവിളിക്കും കാത്തിരിപ്പിനുമൊടുവിൽ ഉപ്പള ഗേറ്റിന് സമീപം റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. മണിമുണ്ട -മൂസോടി റോഡിൽനിന്ന്‌ ആരംഭിച്ച് ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്ത് ദേശീയപാതയുടെ സർവീസ് റോഡിൽ അവസാനിക്കുന്ന വിധത്തിലാണ് മേൽപ്പാലത്തിന്റെ നിർമാണം. നിലവിലെ ഉപ്പള ഗേറ്റിലെ ലെവൽക്രോസിൽനിന്ന്‌ 100 മീറ്ററിലധികം വടക്കോട്ട് മാറിയാണ് മേൽപ്പാലം നിർമിക്കുന്നത്. ഇത് യാഥാർഥ്യമായാൽ പതിറ്റാണ്ടുകളായി തീരദേശത്തെ കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരമാകും.

റെയിൽപാളത്തിനും കടലിനുമിടയിൽ

നിലവിൽ ഉപ്പള ഗേറ്റിലെ റെയിൽവേ ലെവൽക്രോസ് തീവണ്ടി കടന്നുപോകാൻ നിരവധി തവണ അടച്ചിടുന്നുണ്ട്. ഇതുമൂലം ദേശീയപാതയിലെ സർവീസ് റോഡ് വരെ ഗതാഗതക്കുരുക്ക് നീളും. സ്കൂൾ വാഹനങ്ങൾ, മത്സ്യത്തൊഴിലാളികളുടെ വാഹനങ്ങൾ തുടങ്ങി നിരവധി വാഹനങ്ങളാണ് കുരുങ്ങിക്കിടക്കുന്നത്. ഇതുമൂലം കിഴക്കുഭാഗത്ത് റെയിൽപ്പാളത്തിനും പടിഞ്ഞാറ് ഭാഗത്ത് കടലിനുമിടയിൽ സമാന്തരമായി നൂറുകണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തേക്ക് എത്തിച്ചേരാനുള്ള ഏക റോഡ് കൂടിയാണ് ലെവൽ ക്രോസ് അടക്കുമ്പോൾ നിശ്ചലമാകുന്നത്.

നിർമാണം താത്കാലികമായി നിർത്തി

130 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമായി രണ്ടുവരിപ്പാതയായാണ് മേൽപ്പാലം നിർമിക്കുന്നത്. നിർമാണപ്രവൃത്തി ദ്രുതഗതിയിലായിരുന്നു. തൂണുകളുടെ നിർമാണപ്രവൃത്തിയാണ് നടക്കുന്നത്. രണ്ടുമാസമായി നിർമാണ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. തകർന്ന് കിടക്കുന്ന മണിമുണ്ട-മൂസോടി റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് മേൽപ്പാലം നിർമാണം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. 21 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ. ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ഏപ്രിലോടുകൂടി പണി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് നിർമാണ കമ്പനി അധികൃതർ പറഞ്ഞു.