കുമ്പള : യൂറോപ്പിൽനിന്നും മധ്യേഷ്യയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് ദേശാടനം നടത്തുന്ന അപൂർവയിനം പക്ഷിയായ യൂറോപ്യൻ റോളർ കുമ്പളയിൽ. പുൽമേടുകൾ നിറഞ്ഞ വിസ്തൃതമായ പാറക്കെട്ടുകൾ നിറഞ്ഞ പോസ്റ്റടുക്ക കുന്നിലാണ് രണ്ട് യൂറോപ്യൻ റോളറുകളെ കണ്ടെത്തിയത്. കുമ്പള ഉപജില്ലാതല ശാസ്ത്രമേളയുടെ പരിസ്ഥിതി നിരീക്ഷണ പദ്ധതിയുടെ ഭാഗമായി ഹോളി ഫാമിലി സ്കൂളിലെ കുട്ടികൾ പ്രദേശത്തെത്തിയിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥികളായ തനുഷ്, ഷഹ്മ, നാലാം ക്ലാസ് വിദ്യാർഥികളായ കൃഷ, കനിഷ്ക എന്നിവരടങ്ങുന്ന സംഘമാണ് പക്ഷികളെ കാണാനിടയായത്.

To advertise here,

ഇന്ത്യൻ റോളർ എന്ന ഇതേയിനത്തിൽപ്പെട്ട പക്ഷിയെയും ഇന്ത്യയിൽ കാണാം. ആകാശത്ത് പറന്ന് പെൺപക്ഷി ആകർഷിക്കുമ്പോൾ, ആൺപക്ഷികൾ ഉയരത്തിൽ പറന്ന് ചാടിവീഴുന്നു. ഇത്തരത്തിലുള്ള സർക്കസ് പോലുള്ള സാഹസിക പറക്കൽ പ്രകടനമാണ് റോളർ പക്ഷികൾ എന്ന് വിളിക്കുന്നതിനു കാരണമെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. ഭക്ഷണം തേടി ഇന്ത്യയിലെത്തുന്ന പക്ഷികൾക്ക് ഇവിടെ കൂടുകെട്ടിയതിന്റെയും മുട്ടയിടുന്നതിന്റെയും കുഞ്ഞുങ്ങളെ വളർത്തുന്നതിന്റെയും തെളിവുകളില്ല. യൂറോപ്പ്, പശ്ചിമേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിൽ മാത്രമേ ഇവ പ്രജനനം നടത്തുന്നുള്ളൂ. 2014-ലാണ് ജില്ലയിലാദ്യമായി പൊസാഡിഗുമ്പെയിൽ യൂറോപ്യൻ റോളറിനെ കണ്ടെത്തിയത്. പിന്നീട് 2021-ൽ അനന്തപുരത്തും എത്തി. 2026 സെപ്തംബറിൽ പനയാൽ വയലിലും കിദൂരുമുൾപ്പെടെ നാലിടങ്ങളിൽ ഇവയെത്തിയിരുന്നു.