ചെർക്കള : അക്ഷരങ്ങളിലൂടെ അറിവും സ്നേഹവും പകർന്നുനൽകുന്ന ഗ്രന്ഥശാല പ്രവർത്തകയ്ക്ക് താങ്ങായി അക്ഷരസ്നേഹികൾ ഒന്നിച്ചപ്പോൾ ചികിത്സാസഹായമായി ലഭിച്ചത് രണ്ടുലക്ഷം രൂപ. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിൽ ബീരന്ത് വയലിലുള്ള കെ.ഡബ്ല്യു.ഐ.സി.സി. ബൈബ്രറിയുടെ ലൈബ്രേറിയൻ ഹരിണാക്ഷിയുടെ ചികിത്സക്കായാണ് താലൂക്കിലെ വിവിധ ഗ്രന്ഥശാലകൾ കൈകോർത്തത്. കാൻസർ ബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന ഹരിണാക്ഷിയുടെ കുടുംബം സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് പ്രയാസപ്പെടുകയായിരുന്നു.

To advertise here,

ഗ്രന്ഥശാലകൾ സമാഹരിച്ച രണ്ടുലക്ഷം രൂപ ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടന്ന ലൈബ്രറി കൗൺസിൽ താലൂക്കുതല സർഗോത്സവ വേദിയിൽവെച്ച് കല്ലട്ര മാഹിൻ എം.എൽ.എ. ഹരിണാക്ഷിയുടെ ഭർത്താവ് കെ. ഭോജരാജിന് കൈമാറി.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമള ദേവി അധ്യക്ഷയായി. സെക്രട്ടറി പി. ദാമോദരൻ, രാഘവൻ വലിയവീട്, കെ.വി. സജേഷ്, കെ.കെ. രാജൻ, എസ്.വി. അശോക് കുമാർ, ഇ. പ്രഭാകരൻ, എം. പദ്മാക്ഷൻ, രാജേഷ് പാടി തുടങ്ങിയവർ സംസാരിച്ചു.