കണ്ണൂർ : പാർട്ടിയിൽനിന്ന്‌ അകന്നുപോയ ന്യൂനപക്ഷവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ പദ്ധതിയുമായി സി.പി.എം. ഇതുൾപ്പെടെ ലക്ഷ്യംവെച്ചുള്ള 36 ഇന ഭാവിപ്രവർത്തനപരിപാടികൾക്ക് വിശാല ജില്ലാ കമ്മിറ്റിയോഗം രൂപംനൽകി. 2004 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ പാർട്ടിയോടൊപ്പമുണ്ടായിരുന്ന മുസ്‌ലിംന്യൂനപക്ഷവിഭാഗം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പാർട്ടിയിൽനിന്ന്‌ അകന്നുപോയതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. വർഗീയപ്രചാരണമുൾപ്പെടെ നടത്തി ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുസ്‌ലിം ലീഗ് മുൻകൈയെടുത്തതായി സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയാടിത്തറയുടെ മുകളിലാണ് ലീഗ് ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റുരീതിയിലുമുള്ള പ്രചാരണങ്ങൾ പലതും പരിശോധിച്ചാൽ വർഗീയപ്രചാരണങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് യാഥാർഥ്യമാണ്. ഇടതുപക്ഷത്തിനൊപ്പം അണിചേർന്നവരെ തെറ്റിദ്ധരിപ്പിച്ച് അകറ്റാനുള്ള നീക്കമാണ് കുറച്ചുകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസം കൂടുതലായി വീണ്ടെടുക്കാനുള്ള ഇടപെടൽ പാർട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമെന്നു പറയുന്നത് ക്രൈസ്തവന്യൂനപക്ഷ വിഭാഗങ്ങളും ഉൾക്കൊള്ളുന്നതാണെന്നും രാഗേഷ് പറഞ്ഞു. വിശ്വാസങ്ങളുടെ ഭാഗമായിട്ടുള്ള ആഘോഷങ്ങൾ, ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പാർട്ടിയുടെ സാന്നിധ്യമുണ്ടാവും.

To advertise here,

സി.പി.എം. വിശ്വാസികൾക്കെതിരാണെന്ന പ്രചാരണം വർഗീയശക്തികൾ നടത്തുന്നുണ്ട്. വിശ്വാസത്തെയല്ല വർഗീയതയെയാണ് എതിർക്കുന്നത്. ക്ഷേത്രങ്ങളിൽ ഇടപെട്ട് വർഗീയനിലപാടുകൾ വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നതിനുള്ള ആസൂത്രിതമായ പദ്ധതിയാണ് ആർ.എസ്.എസ്. നടപ്പാക്കുന്നത്. അതിനെ പ്രതിരോധിക്കാൻ ഫലപ്രദമായി ഇടപെടും. നഗര, തീരദേശ, മലയോര മേഖലകളിലും പട്ടികജാതി-വർഗവിഭാഗങ്ങൾക്കിടയിലും ഫലപ്രദമായി ഇടപെടും. പാർട്ടി അംഗങ്ങളെ കുറേക്കൂടി രാഷ്ട്രീയവത്കരിക്കുന്ന പ്രവർത്തനപദ്ധതി തയ്യാറാക്കി ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും.

പ്രശ്നങ്ങളിൽ ക്ഷമാപൂർവമായ ഇടപെടൽ

ജില്ലയിലെ ശക്തികേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്ത സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു. പയ്യന്നൂരിലെ കാര്യങ്ങൾ കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റികൾ ചർച്ച ചെയ്ത് വിലയിരുത്തിയതാണ്. തളിപ്പറമ്പിനെ സംബന്ധിച്ചും നേരത്തേതന്നെ നിലപാട് സ്വീകരിച്ചു. ഇവിടങ്ങളിലെല്ലാം അകന്നുപോയ ജനവിഭാഗങ്ങളെ പാർട്ടിയോടൊപ്പം ചേർത്തുനിർത്തുന്നതിനുള്ള ക്ഷമാപൂർവമായ പ്രവർത്തനം നടത്തും. സമയബന്ധിതമായി ഏറ്റവും സൂക്ഷ്മമായ പ്രശ്നമടക്കം പരിശോധിക്കും. കാരണം കണ്ടുപിടിച്ച് അതിൽ ഇടപെടും.

ദിവ്യയുടെ കാര്യം പിന്നെ ചർച്ചചെയ്യേണ്ടത്

പി..പി. ദിവ്യ പാർട്ടിയുടെ ഭാഗമാണെന്നും അവരുടെ കാര്യം അടഞ്ഞ അധ്യായമല്ലെന്നും രാഗേഷ് പറഞ്ഞു. ദിവ്യയുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്. അതിനുശേഷം ചർച്ചചെയ്യേണ്ടതാണ് അവരെ തിരിച്ചുകൊണ്ടുവരുന്ന കാര്യമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് രാഗേഷ് മറുപടി നൽകി.