നീലേശ്വരം: മലയോരറോഡിന്റെ കവാടമായ നീലേശ്വരം-എടത്തോട് റോഡിന് ഒടുവിൽ ശാപമോക്ഷം. റോഡ് നിർമാണത്തിനുള്ള ടെൻഡർ നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തുറന്നു. കഴിഞ്ഞ സർക്കാർ ഭരണാനുമതി നൽകി ക്ഷണിച്ച പുതുക്കിയ ടെൻഡർ ആണ് തുറന്നത്. പുതുക്കിനിശ്ചയിച്ച ടെൻഡർ തുക 28.7 കോടി രൂപയാണ്.
കുറഞ്ഞ തുക ക്വാട്ട് ചെയ്ത ജാസ്മിൻഗ്രൂപ്പിനാണ് കരാർ ലഭിച്ചത്. ടെൻഡർ കമ്മിറ്റി യോഗം ചേർന്ന് സെലക്ഷൻ അംഗീകരിച്ച് കരാറുകാരന് നോട്ടീസ് നൽകുന്ന സാങ്കേതികനടപടി മാത്രമാണ് ഇനി ബാക്കി. ഒക്ടോബർ 13-ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബിയുടെ ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം റോഡിന്റെ നിർവഹണചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ്-കെ.ആർ.എഫ്.ബിക്ക് നൽകിയ നിർദേശപ്രകാരമാണ് ടെൻഡർ തുറന്നത്. സാങ്കേതികനടപടികൾ പൂർത്തിയാകുന്നതോടെ എത്രയും വേഗം കരാറുകാരന് സെലക്ഷൻ നോട്ടീസ് നൽകി പണി പുനരാരംഭിക്കുമെന്ന് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എയുടെ ഓഫീസ് അറിയിച്ചു.
ലേലം 29-ന്
: കിഫ്ബി പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡിന് കീഴിൽ നവീകരണം നടക്കുന്ന നീലേശ്വരം-എടത്തോട് റോഡിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ച ഭാഗത്തെ പൊളിച്ചുമാറ്റേണ്ട നിർമിതികൾ ലേലം ചെയ്യും. ഒക്ടോബർ 29-ന് രാവിലെ 11-ന് കെ.ആർ.എഫ്.ബി.-പി.എം.യു. ഡിവിഷന്റെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഓഫീസിലാണ് ലേലം. 28-ന് വൈകുന്നേരം മൂന്നുമണി വരെ ഇതിനായി ക്വട്ടേഷൻ സ്വീകരിക്കും. നേരിട്ട് ലേലത്തിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം എത്തണം. ഫോൺ: 9656528176.
റോഡ് പണി തുടങ്ങിയത് 2019-ൽ, കരാർ റദ്ദാക്കിയത് 2023-ൽ
മലയോരറോഡിന്റെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന നീലേശ്വരം-എടത്തോട് റോഡ് തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നിയോജകമണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നീലേശ്വരം മേൽപ്പാലമിറങ്ങുന്ന ഭാഗത്ത് തുടങ്ങി പുത്തരിയടുക്കം ബ്ലോക്ക് ഓഫീസ് വരെയുള്ള ഭാഗം തൃക്കരിപ്പൂർ മണ്ഡലത്തിലും തുടർന്ന് ചാമക്കുഴി വരെയുള്ള ദൈർഘ്യമേറിയ ഭാഗം കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലുമാണ്. ഇതിൽ നീലേശ്വരം നഗരസഭയിലൂടെ കടന്നുപോകുന്ന ഭാഗം വീതികൂട്ടി വികസിപ്പിക്കേണ്ടതാണ്. ഇതിനായി സ്ഥലം ഏറ്റെടുപ്പും ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും കടകളും മറ്റും പൊളിച്ചുനീക്കുന്ന പണിയുമെല്ലാം നേരത്തേ പൂർത്തിയാക്കി തുടർനടപടികൾക്കായി കാത്തുനിൽക്കുകയായിരുന്നു. കിഫ്ബിപദ്ധതിയിൽ ഉൾപ്പെടുത്തി 42.10 കോടി രൂപയ്ക്ക് ടെൻഡർ ചെയ്ത റോഡ് 2018-ൽ അഗ്രിമെന്റ് വെച്ച് 2019 മാർച്ചിലാണ് ആദ്യം പണി തുടങ്ങിയത്.
പണിയുടെ തുടക്കം മുതൽ യാത്രക്കാർക്കും റോഡരികിലെ താമസക്കാർക്കുമെല്ലാം ദുരിതംതന്നെയായിരുന്നു. പൊടിയും ചെളിയും, പൊട്ടിപ്പൊളിഞ്ഞ് മഴവെള്ളം നിറഞ്ഞ് അപകടക്കെണിയൊരുക്കിയ റോഡുമെല്ലാമായി ദുരിതം വേഷംമാറിക്കൊണ്ടിരുന്നു. റോഡുപണി കാരണമില്ലാതെ മെല്ലെപ്പോക്കിലായതോടെ നാട്ടിൽ പ്രതിഷേധം കനത്തു.
കരാറുകാരന്റെ അനാസ്ഥയും മെല്ലെപ്പോക്കുമാണ് കാരണമെന്ന് കണ്ടെത്തി 2023-ൽ റിസ്ക് ആൻഡ് കോസ്റ്റിൽ (നഷ്ടോത്തരവാദിത്വം) കരാർ നടപടികൾ റദ്ദ് ചെയ്തു.
13.125 കിലോമീറ്റർ നീളമുള്ള റോഡിൽ 8.38 കിലോമീറ്റർ മാത്രമാണ് ഈ ഘട്ടത്തിൽ മെക്കാഡം ടാർ ചെയ്തിരുന്നത്. നിരന്തര ഇടപെടലുകൾക്കുശേഷം ബാക്കിവരുന്ന പണിക്ക് 58.93 കോടി രൂപയുടെ പുതുക്കിയ ധനാനുമതി കഴിഞ്ഞസർക്കാരിന്റെ കാലത്ത് കിഫ്ബി നൽകിയിരുന്നതാണ്. ആദ്യം റീടെൻഡർ ചെയ്തപ്പോൾ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമതും റീടെൻഡർ ചെയ്തപ്പോൾ മൂന്ന് കരാറുകാർ പങ്കെടുത്തു. ഇതിനിടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ, നടപടികൾ സ്തംഭിച്ചു. മറ്റ് നടപടികൾ പൂർത്തിയായഘട്ടത്തിൽ ടെൻഡർ അംഗീകരിച്ച് സെലക്ഷൻ നോട്ടീസ് കൊടുക്കാൻ അഭ്യർഥിച്ച് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകിയിരുന്നു. തുടർനടപടികൾക്കായി മുഖ്യമന്ത്രി കിഫ്ബിക്ക് നിർദേശവും നൽകി. എന്നിട്ടും നടപടിയില്ലാത്ത ഘട്ടത്തിലാണ് ഒക്ടോബർ 13-ന് തിരുവന്തപുരത്ത് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ വിളിച്ചുചേർത്ത കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉടൻ ടെൻഡർ തുറന്ന് തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.
വ്യാഴാഴ്ചയുംസമരപ്രഖ്യാപനം
ടെൻഡർ തുറക്കാൻ വൈകുന്നതിനിടെ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ., മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ തായന്നൂർ എന്നിവർ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകിയിരുന്നു.
നീലേശ്വരം മേൽപ്പാലമിറങ്ങി മലയോരത്തേക്ക് തിരിയുന്ന കോൺവെന്റ് കവലയും തുടർന്ന് പുത്തരിയടുക്കംവരെ നീളുന്ന റോഡും പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായതോടെ സന്ദീപ് വാരിയർ എം.എൽ.എയും ആവശ്യമായ ഇടപെടലുകൾ നടത്തി. കോൺവെന്റ് കവലയുടെ ദുരവസ്ഥ നേരിൽ ബോധ്യപ്പെട്ട എം.എൽ.എ. ഹൊസ്ദുർഗ് താലൂക്ക് വികസനസമിതി യോഗത്തിൽ നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫിക്കൊപ്പം ഈ വിഷയം ഉന്നയിച്ചു. പിന്നീട് നഗരസഭ സ്വന്തംനിലയിലും പൊതുപ്രവർത്തകൻ എൻ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുമെല്ലാം ചെറു അറ്റകുറ്റപ്പണികൾ നടത്തി. എൻ. ബാലകൃഷ്ണൻ തിരുവോണപ്പിറ്റേന്ന് നിരാഹാരസമരവും തുടങ്ങി.
ഇത് നഗരസഭാ ചെയർമാന്റെ ഉറപ്പിൽ പിൻവലിച്ചു. ഇതിനിടെ സന്ദീപ് വാരിയർ എം.എൽ.എയുടെ ഇടപെടലിൽ കോൺവെന്റ് കവലയുടെ മാത്രം അറ്റകുറ്റപ്പണിക്ക് ആറ് ലക്ഷം രൂപ അനുവദിച്ചു.
ഇതിലെയും കരാർനടപടികൾ നീണ്ടു. ഒടുവിൽ ഒക്ടോബർ ഏഴ്, എട്ട് തീയതികളിലായി അറ്റകുറ്റപ്പണി നടത്തി വലിയ പരിക്കുകൾ പരിഹരിച്ചു. അറ്റകുറ്റപ്പണി കണ്ണിൽപൊടിയിടലാണെന്ന് ആരോപിച്ച് സി.പി.എം. നീലേശ്വരം ഏരിയാ സെക്രട്ടറി എം. രാജൻ രംഗത്തെത്തി.
ടെൻഡർ അംഗീകരിക്കുന്നത് നീളുന്നതിനെതിരേ ഇന്നലെയും സമരപ്രഖ്യാപനമുണ്ടായി. ഡിസംബർ 31-നകം റോഡ് നവീകരിച്ച് 2027 ജനുവരി ഒന്നിന് ഗതാഗതത്തിന് തുറന്നില്ലെങ്കിൽ ബി.ഒ.ടി. അടിസ്ഥാനത്തിൽ റോഡ് നിർമാണത്തിന് അനുമതി തേടി കോടതിയെ സമീപിക്കുമെന്ന് കാണിച്ച് ജനകീയസമിതി കോൺവെന്റ് കവലയിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ടെൻഡർ തുറന്നതോടെ മേഖലയിലെ യാത്രാദുരിതങ്ങളിൽനിന്ന് ഉടൻ മോചനമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Published: 18 Oct 2026, 04:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented