മഞ്ചേശ്വരം : ജില്ലയിലെ വടക്കേയറ്റത്തുള്ള പ്രധാന ടൗണായ ഹൊസങ്കടി ഗതാഗതക്കുരുക്കിൽ വലയുന്നു. ദേശീയപാതാ നിർമാണം പൂർത്തിയായിട്ടും റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണനടപടികൾ വൈകുന്നതാണ് കാരണം. ഇവിടെ ദേശീയപാതയോട് ചേർന്ന് ലെവൽക്രോസ്സുള്ളതിനാൽ ഗേറ്റടയ്ക്കുന്നതുമൂലം ഗതാഗതതടസ്സം പതിവാണ്. കാൽനടയാത്രക്കാരുൾപ്പെടെ റോഡ്‌ മുറിച്ചുകടക്കാൻ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്. നാട്ടുകാരും പോലീസുമിടപെട്ടാണ് പലപ്പോഴും ഗതാഗതതടസ്സം നീക്കുന്നത്.

To advertise here,

 

എന്നു തുടങ്ങും നിർമാണം

റെയിൽവേ മേൽപ്പാലം നിർമിക്കേണ്ടതിനാൽ നിലവിലെ റോഡ് നിരപ്പിൽനിന്ന് അഞ്ചര മീറ്റർ താഴ്ചയിലാണ് ഇവിടെ ദേശീയപാത നിർമിച്ചത്. ദേശീയപാതയോടനുബന്ധിച്ച് വി.ഒ.പി.(വെഹിക്കിൾ ഓവർ പാസ്) മാതൃകയിൽ മേൽപ്പാതയാണ് ടൗണിൽ നിർമിച്ചത്. ആനക്കല്ല് ഭാഗത്തുനിന്ന് തലപ്പാടിയിലേക്ക് ബങ്കര മഞ്ചേശ്വരം വഴിയുള്ള സ്വകാര്യബസുകളും മറ്റ് വാഹനങ്ങളുമാണ് ഹൊസങ്കടി റെയിൽവേ ലെവൽക്രോസിൽ മിക്കസമയങ്ങളിലും കുടുങ്ങിക്കിടക്കുന്നത്. ദേശീയപാതയോടു ചേർന്നാണിവിടെ ലെവൽക്രോസ് എന്നതിനാൽ റെയിൽവേ മേൽപ്പാലം നിർമിച്ചാൽ മാത്രമേ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകൂ.

ദേശീയപാതയുടെ സർവീസ് റോഡിനോട് ചേർന്നുള്ള ലെവൽക്രോസ് തീവണ്ടി കടന്നുപോകാൻ പലതവണ അടയ്ക്കേണ്ടിവരുന്നു. ഇത് ടൗണിൽ ഗതാഗതതടസ്സത്തിന് കാരണമാകുന്നു. ഇവിടെ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മേൽപ്പാലനിർമാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രാരംഭനടപടി തുടങ്ങിയിട്ടില്ല.

നടപടികൾ വേഗത്തിലാക്കണം

മേൽപ്പാലം നിർമാണത്തിന് 10.94 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. രണ്ട് മേൽപ്പാലങ്ങൾക്കാണ് അനുമതിയായിരുന്നത്. ഹൊസങ്കടി കൂടാതെ മഞ്ചേശ്വരം റെയിൽവേസ്റ്റേഷനു വടക്ക് ദേശീയപാതയിലേക്ക് കടക്കുന്ന ഭാഗത്താണ് മേൽപ്പാലം നിർമാണത്തിന് തീരുമാനിച്ചത്. വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന വലിയ പ്രയാസമാണ് ലെവൽക്രോസിലെ ഗതാഗതതടസ്സം. മേൽപ്പാലം നിർമിക്കുമെന്ന പ്രഖ്യാപനം നാട്ടുകാർക്കിടയിൽ വലിയ പ്രതീക്ഷ നൽകിയിരുന്നു. അതേസമയം ഉപ്പള ഗേറ്റിന് സമീപം നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

പ്രതിഷേധിച്ചു

ഹൊസങ്കടി മേൽപ്പാലം നിർമാണം നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്ന ആളുകൾ നിരന്തരം ബുദ്ധിമുട്ടുകയാണ്. ദേശീയപാത യാഥാർഥ്യമായതോടെ ടൗണിൽ വാഹനപാർക്കിങ്ങിനും സൗകര്യം കുറഞ്ഞു. ഒപ്പം ഗതാഗതക്കുരുക്ക് കൂടിയാകുമ്പോൾ വലിയ പ്രയാസമാണ് വ്യാപാരികളും നാട്ടുകാരും അനുഭവിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ ഹൊസങ്കടി റെയിൽവേ ഗേറ്റിന് സമീപം പ്രതിഷേധയോഗം ചേർന്നു. ബഷീർ കനില , ഹമീദ് ഹൊസങ്കടി, ഗായത്രി, ദയാനന്ദ ബംഗേര, സത്യജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.