കൊത്തിക്കുഴിച്ചപാറ വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
പഴയങ്ങാടി : പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ അപകടം തുടർക്കഥയാകുന്നു. 18 കോടി രൂപ ചെലവിൽ റോഡിൽ നവീകരണം നടത്തിയ ഭാഗത്താണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചത്. മഴയൊന്ന് ചാറിയാൽമതി നവീകരണം നടത്തിയ ഭാഗത്തെ റോഡിൽനിന്ന് വാഹനങ്ങൾ തെന്നിമറിയുന്നതും വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ആലുവയിൽനിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന കൂറിയർ സർവീസ് ലോറി ഭാസ്കരൻ പീടികയ്ക്കടുത്തുള്ള കൊത്തിക്കുഴിച്ചപാറ ഇറക്കത്തിൽവെച്ച് റോഡിൽനിന്ന് തെന്നി വശത്തേക്ക് മറിഞ്ഞു. വൈദ്യുതത്തൂണിലിടിച്ചാണ് വാഹനം നിന്നത്. ഡ്രൈവർ കോട്ടയം സ്വദേശി പി.എസ്. ശ്യാംകുമാറിന് (32) പരിക്കേറ്റു. ഇദ്ദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
റോഡ് മിനുക്കിയതിനുശേഷം ചെറുതും വലുതുമായ 25-ാമത്തെ അപകടമാണ് ഇവിടെയുണ്ടായതെന്ന് പരിസരവാസികൾ പറഞ്ഞു. ഈഭാഗം ഇപ്പോൾ വലിയ അപകടഭീഷണിയായി മാറിയതായും ഇവർ അഭിപ്രായപ്പെട്ടു.
ഒന്നരമാസത്തിനിടെ മൂന്ന് സ്വകാര്യ ബസുകൾ അപകടത്തിൽപ്പെട്ട് നിരവധിപേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണ്. ഓഗസ്റ്റ് 24-ന് മണ്ടൂർ ഇറക്കത്തിൽ പള്ളിക്ക് മുൻവശത്ത് പുലർച്ചെ തകരാറിലായ ലോറി നന്നാക്കുകുന്നതിനിടെ ടാങ്കർ ലോറി (ബൾക്കർ) ഇടിച്ചുകയറിയതിനെത്തുടർന്ന് തീപടർന്ന് രണ്ട് മെക്കാനിക്കുകൾ മരിച്ചിരുന്നു.
അപകടത്തിൽപ്പെട്ട ആ ലോറി ഇപ്പോഴും കൊത്തിക്കുഴിച്ച പാറയിലെ റോഡരികിൽ കിടക്കുകയാണ്. മത്സ്യവാഹനങ്ങളിൽനിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതും അപകടത്തിന് ആക്കം കൂട്ടുന്നു.
Published: 20 Oct 2026, 04:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented