ഉദുമ: അന്താരാഷ്ട്ര വിനോദസഞ്ചാരഭൂപടത്തിൽ സ്ഥാനം പിടിച്ച ബേക്കൽ കോട്ടയുടെ മുന്നിൽ ലക്ഷങ്ങൾ വിലയുള്ള ഒരു ഡീസൽ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. സംസ്ഥാന ടൂറിസംവകുപ്പിന്റെ കോടികൾ വെള്ളത്തിലാക്കിയ പദ്ധതിയുടെ അവശേഷിപ്പാണ് നോക്കുകുത്തിപോലെ തുരുമ്പെടുക്കുന്ന ഈ ജനറേറ്റർ.
160 കിലോവാട്ടിന്റെ 2018 മോഡൽ ജനറേറ്റർ സംസ്ഥാന ടൂറിസംവകുപ്പ് 2020-ലാണ് ബേക്കൽ കോട്ടയുടെ മുന്നിൽ കൊണ്ടുവന്നുവെച്ചത്. രണ്ടുമൂന്ന് ദിവസം പ്രവർത്തിപ്പിച്ചതല്ലാതെ പിന്നൊരിക്കലും ഈ ജനറേറ്ററിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചിട്ടില്ല. അഞ്ചുവർഷത്തിലധികമായി സ്റ്റാർട്ടാക്കാതെ വെയിലും മഴയും ഏറ്റുകിടക്കുന്ന യന്ത്രം ഇനി പ്രവർത്തിക്കുമോ എന്ന കാര്യം പരീക്ഷിച്ചറിയേണ്ട അവസ്ഥയുണ്ട്.
ബേക്കൽ കോട്ടയുടെ മുന്നിൽ തുരുമ്പെടുക്കുന്ന ജനറേറ്ററിന്റെ പിന്നാമ്പുറം തേടി ഇറങ്ങുമ്പോൾ സംസ്ഥാന ഖജനാവിലെ കോടികൾ പാഴായ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലേക്കാണ് എത്തുക. കഴിഞ്ഞ രണ്ട് സർക്കാരുകൾ വർഷങ്ങളോളം ഗവേഷണം നടത്തി നാലുകോടിയിലധികം രൂപ മുടക്കി ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി ആവിഷ്കരിച്ചു. ജർമൻ സാങ്കേതികവിദ്യ, ലോകോത്തര സംവിധായകൻ, ബാഹുബലി ടീം, ജയറാം, ഭാഗ്യലക്ഷ്മി തുടങ്ങിയവരുടെ ശബ്ദം എന്നുവേണ്ട, നാടിളക്കുന്ന പ്രചാരണവുമായി നാലുകോടിയിലേറെ മുടക്കുള്ള ലൈറ്റ് ആൻഡ് ഷോ അണിയറയിൽ ഒരുക്കി.
ബേക്കൽ കോട്ടയുടെ ഉള്ളിൽ രാത്രി ഏഴോടെ ഷോ തുടങ്ങാമെന്നായിരുന്നു തീരുമാനം. ഷോയ്ക്കിടയിൽ വൈദ്യുതി മുടങ്ങിയാൽ, ബദൽ സംവിധാനമെന്ന നിലയിൽ കോട്ടയുടെ മുന്നിൽ അധികം ശബ്ദമില്ലാത്ത ഡീസൽ ജനറേറ്ററും സ്ഥാപിച്ചു. കോവിഡ് അല്പം ശമിച്ച 2020 ഡിസംബർ 20-ന് ക്ഷണിക്കപ്പെട്ട 325 പേർക്ക് മുന്നിൽ ആദ്യപ്രദർശനം നടന്നു. ഇത്രയും ആസ്വാദകർ പിന്നീട് ഒരിക്കലും പ്രദർശനം കാണാൻ എത്തിയിരുന്നില്ല. പ്രദർശനം കാണാൻ നിശ്ചിതതുക നൽകി ടിക്കറ്റ് എടുക്കണമായിരുന്നു.
പ്രദർശനം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞതോടെ കാഴ്ചക്കാർ അഞ്ചും പത്തും പേർ മാത്രമായി ചുരുങ്ങി. ആളുകൾ കുറഞ്ഞതോടെ പ്രദർശനം ഞായറാഴ്ചകളിൽ മാത്രമാക്കി ചുരുക്കി. അപ്പോഴും കാഴ്ചക്കാരില്ലാതെ വന്നതോടെ രണ്ടുമാസത്തിനുശേഷം ലൈറ്റ് ആൻഡ് സൗണ്ട് ഷോ പൂർണമായും പൂട്ടിക്കെട്ടി. പ്രൊജക്ടർ, ശബ്ദസംവിധാനം, കസേരകൾ തുടങ്ങിയവ ബേക്കൽ കോട്ടയുടെ കിഴക്കേമൂലയിലെ ഒരു കെട്ടിടത്തിലിട്ട് പൂട്ടി. ജനറേറ്റർ ലൈറ്റ് ആൻഡ് ഷോയുടെ സ്മാരകമായി ഇപ്പോഴും ബേക്കൽ കോട്ടയുടെ മുൻപിൽ തുരുമ്പെടുക്കുന്നുമുണ്ട്.
Published: 13 Sept 2026, 04:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented