പാപ്പിനിശ്ശേരി : ദേശീയപാതയിൽ പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിൽ ശനിയാഴ്ച വൈകീട്ട് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി ദിവസവും അനുഭവപ്പെടുന്ന കുരുക്ക് ദേശീയപാതയിലൂടെ വരുന്ന വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശനിയാഴ്ച വൈകീട്ട് മണിക്കൂറുകളുടെ കാത്തിരിപ്പാണ് വാഹനങ്ങൾക്കുണ്ടായത്.
ഒന്നരവർഷം മുൻപ് ഏർപ്പെടുത്തിയ വൺവേ ട്രാഫിക് പരിഷ്കാരം അതേപടി തുടരാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ ട്രാഫിക് പരിഷ്കരം നടപ്പാക്കിയിട്ടും ഏതാനും മാസങ്ങളായി ബസ് ജീവനക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ്. സമയത്തിന് ഓടിയെത്താൻ സാധിക്കാതെ ട്രിപ്പുകൾ മുടക്കേണ്ടിവരുമ്പോൾ വരുമാനനഷ്ടമുണ്ടാകുന്നു. അത് തൊഴിലാളികളുടെ ദിവസവേതനത്തെയും ബാധിക്കുന്നതായാണ് ബസ് ജീവനക്കാരുടെ പരാതി. കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്.
റോഡിന്റെയും വളപട്ടണം പാലത്തിന്റെയും തകർച്ചയും ഗതാഗതനിയമലംഘനവും കുരുക്ക് കൂട്ടുന്നു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഒരാഴ്ച മുൻപ് യോഗം ചേർന്നിരുന്നു. ഇതിൽ പല തീരുമാനങ്ങളുമെടുത്തെങ്കിലും നടപ്പാക്കാൻ വൈകുകയാണ്. വൺവേയുള്ള ഭാഗങ്ങളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കാനും വളപട്ടണം പാലത്തിലെ കുഴികൾ എത്രയും വേഗം അടയ്ക്കാനും റോഡരികിൽ ആവശ്യമായ ബസ്ബേ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയ മേഖലകളിലൂടെ രാവിലെ എട്ട് മുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ ഏഴുവരെയും വലിയ ചരക്കുവാഹനങ്ങളെയും ടാങ്കർ ലോറികളെയും കടത്തിവിടരുതെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനവും നൽകിയിട്ടുണ്ട്. എന്നാൽ തീരുമാനം വൈകുന്നത് ദേശീയപാത 66-ൽ പാപ്പിനിശ്ശേരി-പുതിയതെരു ഭാഗത്തെ യാത്ര നാൾക്കുനാൾ ദുസ്സഹമാക്കുകയാണ്.
Published: 13 Sept 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented