ചെറുവാഞ്ചേരി : ചെറുവാഞ്ചേരി ടൗണിൽനിന്ന് വലിയ വെളിച്ചത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസിന് പുതിയ ബസ് അനുവദിക്കണമെന്ന് ആവശ്യം. യാത്രക്കാർ അധികമാവുമ്പോൾ ചീരാറ്റ വളവ് കയറാനാവാതെ ബസ് പിന്നോട്ടുനീങ്ങുന്നതാണ് യാത്രക്കാരുടെ ആവശ്യത്തിന് കാരണം. ഇതുകാരണം പേടിയോടെയാണ് യാത്രക്കാർ ബസിലിരിക്കുന്നത്. കഴിഞ്ഞ ദിവസം ചീരാറ്റ കയറ്റത്തിൽ മറ്റൊരു വണ്ടി തകരാറായി നിന്നു പോയതിനെ തുടർന്ന് പിറകേവന്ന പ്രിയദർശിനി ബസ് പെട്ടെന്ന് നിർത്തേണ്ടി വന്നു. പിന്നീട് ബസിന് മുന്നോട്ടു നീങ്ങാനാകാതെ യാത്രക്കാർ ഇറങ്ങി നടക്കുകയായിരുന്നു.
ബസിന്റെ കാലപ്പഴക്കവും യാത്രക്കാരിൽ ഭീതി കൂട്ടുന്നുണ്ട്. പല ബസുകളാണ് റൂട്ടിൽ സർവീസ് നടത്തുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ, എല്ലാത്തിനും കാലപ്പഴക്കമുണ്ട്. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന സർവീസിന് മെച്ചപ്പെട്ട ബസ് നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രക്കാരുടെ എണ്ണം കൂടുതലായതോടെ ബസിന് തകരാറുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ജീവനക്കാരും ഭയക്കുന്നു.
രാവിലെ 8.20-ന് ചെറുവാഞ്ചേരി വലിയ വെളിച്ചം, കൂത്തുപറമ്പ് വഴി കണ്ണൂരിലേക്കുള്ള ഈ സൗജന്യ യാത്രയെയാണ് വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിലെ വലിയ ശതമാനം തൊഴിലാളികളും ആശ്രിക്കുന്നത്. കേന്ദ്രത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ യാത്ര ആശ്വാസമാണ്. റൂട്ടിൽ രാവിലെ ഈ ബസ് മാത്രമാണുള്ളത്. ബസ് കിട്ടിയില്ലെങ്കിൽ സ്വകാര്യ വാഹനങ്ങളെയും ഓട്ടോകളേയും തൊഴിലാളികൾ ആശ്രയിക്കേണ്ടി വരും. അതിനാൽ, ഒരു ബസ് കൂടി വ്യവസായ കേന്ദ്രത്തിലേക്ക് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അപകട മുന്നറിയിപ്പുകളില്ല
റോഡിന്റെ ഒരു വശം 40 അടിയോളം താഴ്ചയുള്ള കൊക്കയാണ്. അപകട സാധ്യതയേറിയ സ്ഥലമാണ് ചീരാറ്റ ഹെയർപിൻ വളവ്. എന്നാൽ, അപകട മേഖലയാണെന്നും വേഗം കുറക്കണമെന്നും മുന്നറിയിപ്പ് നൽകാൻ ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. ഭാരമേറിയ വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തിൽപ്പെടുന്നത്. സ്കൂൾ ബസുകളടക്കം പോകുന്ന വഴിയാണിത്.
ചീരാറ്റ മുതൽ വലിയ വെളിച്ചം വരെയുള്ള റോഡിൽ കുടിവെള്ള പദ്ധതിക്കു വേണ്ടി ചാലുകീറി പൈപ്പിട്ടിരിക്കുന്ന ഭാഗം അമർന്ന് ചാലുകളായി മാറിയിട്ടുണ്ട്. ഇതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
Published: 13 Sept 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented