നീലേശ്വരം : ദേശീയപാതയിലെ പാർക്കിങ് സൗകര്യം ചർച്ചയാകുന്നതിനിടെ നീലേശ്വരത്തെ സൗകര്യപ്രദമായ സ്ഥലങ്ങൾ ഇതിനായി പരിഗണിക്കണമെന്ന ആവശ്യമുയരുന്നു. തൃശൂർ കയ്പമംഗലത്ത് കഴിഞ്ഞദിവസമുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപാതയിൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം വീണ്ടും സജീവ ചർച്ചയായിരിക്കുന്നത്. ദേശീയപാതയോരത്ത് നീലേശ്വരം നിടുങ്കണ്ടയിലും കരുവാച്ചേരിയിലുമാണ് ഇതിന് അനുയോജ്യവും സൗകര്യപ്രദവുമായ സ്ഥലമുള്ളത്.
പടന്നക്കാട് ഐങ്ങോത്ത് മുതൽ നീലേശ്വരം കരുവാച്ചേരിവരെ ദേശീയപാതയിൽ തന്നെ ഓരം ചേർന്ന് ചരക്കുലോറികൾ നിർത്തിയിടുന്നതും അപകടങ്ങൾക്കും അപകടമരണങ്ങൾക്കുമെല്ലാം നിരന്തരം ഇടയാക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ ഓഗസ്റ്റ് 18-ന് രാത്രിയുണ്ടായ അപകടത്തിൽ പടന്നക്കാട് ഐങ്ങോത്ത് വെൽഡിങ് ഷോപ്പ് നടത്തിയിരുന്ന നീലേശ്വരം കണിച്ചിറയിലെ കെ. ഹരീഷ് (50) മരിച്ചു. പടന്നക്കാട് കൃഷ്ണപിള്ള നഗറിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.
കൂടുതൽ സൗകര്യപ്രദം നിടുങ്കണ്ട
:വർഷങ്ങൾക്ക് മുൻപ് ദേശീയപാതയോരത്ത് കൃഷിവകുപ്പുമായി സഹകരിച്ച് കൃഷിയും മറ്റും നടത്തിയ പദ്ധതിയിൽ സജീവ പങ്കാളിത്തമുണ്ടായിരുന്ന സ്ഥലങ്ങളാണ് നിടുങ്കണ്ടയും കരുവാച്ചേരിയും. ഇതിൽ നിടുങ്കണ്ട വളവ് പടന്നക്കാടിന് തൊട്ടടുത്താണെന്ന സാധ്യതയുമുണ്ട്. തോട്ടം കവലയോട് ചേർന്ന് 75 സെന്റ് സ്ഥലം ഇവിടെയുണ്ടെന്ന് നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു. വിശാലമായ റവന്യൂഭൂമിയാണിത്. തൊട്ട് എതിർവശം നേരത്തെ ഡി.ടി.പി.സി.യുടെ വഴിയോര പാർക്കും ഹോട്ടലും പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ടേക് എ ബ്രേക്കും ശൗചാലയസമുച്ചയവും ഉൾപ്പെടെ പണിയാനുള്ള സൗകര്യമുണ്ട്.
നിടുങ്കണ്ട വളവിന് സമീപത്തെ കാർഷിക കോളേജ് ഗസ്റ്റ് ഹൗസിനോട് ചേർന്ന് പഴയ വഴിയോര പാർക്കിന്റെ സ്ഥലം ഇതിന് അനുയോജ്യമാണ്.
എതിർവശത്ത് വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവും ഇവിടെ ശൗചാലയസമുച്ചയം, വിശ്രമകേന്ദ്രം, ചെറുഭക്ഷണശാലകൾ എന്നിവയും വന്നാൽ ഈ വക കാര്യങ്ങൾക്കെല്ലാം പതിറ്റാണ്ടുകളായി പടന്നക്കാടിനെ ആശ്രയിക്കുന്ന ദീർഘദൂര ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് പടന്നക്കാട്ടെ അനധികൃത പാർക്കിങ് ഒഴിവാക്കാം. അനുമതി ലഭിച്ചാൽ ഇവിടെ ടേക് എ ബ്രേക്കും ശൗചാലയസമുച്ചയം ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ നീലേശ്വരം നഗരസഭ തയ്യാറാണെന്നും ചെയർമാൻ പറഞ്ഞു.
ഉപയോഗപ്പെടുത്താം കരുവാച്ചേരിയും
:കരുവാച്ചേരി വളവിലും കാർഷിക സർവകലാശാലയുടെയും ദേശീയപാതാ വിഭാഗത്തിന്റെയുമെല്ലാം സ്ഥലം ലഭ്യമാണ്. പഴയ ദേശീയപാത കടന്നുപോയിരുന്ന സ്ഥലമാണിത്. അനുമതി ലഭിച്ചാൽ ഇവിടെയും സമാന സൗകര്യങ്ങൾ നഗരസഭ ഒരുക്കുമെന്നും ചെയർമാൻ പറഞ്ഞു.
രണ്ടിടങ്ങളിലും പാർക്കിങ്ങ് സൗകര്യവും വഴിയോര വിശ്രമകേന്ദ്രവും വന്നാൽ ദേശീയപാതയിൽ കാലിക്കടവിനും ചെർക്കളയ്ക്കുമിടയിലെ അനധികൃത പാർക്കിങ്ങും അപകടസാധ്യകളും ഇല്ലാതെയാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്താനാകുമെന്നാണ് വിലയിരുത്തൽ.
Published: 10 Sept 2026, 04:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented