ഉദുമ : ചിത്താരി റെയിൽവേ പാലത്തിന്റെ പാർശ്വഭിത്തി പുഴയോടുചേർന്ന് ഇടിയുന്നു. ചിത്താരിപ്പുഴയിൽ കണ്ണൂർ ഭാഗത്തേക്ക് തീവണ്ടികൾ പോകുന്ന പാളത്തിന്റെ അടിയിലെ കരിങ്കൽ കെട്ടിയ പാർശ്വഭിത്തിയാണ് തകർന്ന് പുഴയിൽ വീണിട്ടുള്ളത്.

To advertise here,

പാളത്തിൽനിന്ന്‌ ചിത്താരി പുഴയോരത്തേക്ക് ചരിഞ്ഞ് കരിങ്കൽഭിത്തി നിർമിച്ചിട്ടുണ്ട്. ഇതിന് ബലം കൊടുക്കാൻ പുഴയിൽനിന്ന്‌ അരമീറ്ററോളം വീതിയിൽ സിമിൻറിട്ട് മറ്റൊരു ഭിത്തിയും നിർമിച്ചിരുന്നു.

ഇതാണ് പൊളിഞ്ഞിരിക്കുന്നത്. ചേറ്റുകുണ്ടിൽനിന്ന്‌ പാളത്തിലൂടെ വരുമ്പോൾ പുഴയോടുചേർന്ന് ഇടതുഭാഗത്തെ കരിങ്കൽഭിത്തിയാണ് രണ്ടുമീറ്ററിലധികം തകർന്നിട്ടുള്ളത്.

ചിത്താരി പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ ഈ ഭിത്തിയും കടന്ന് ചരിച്ചുകെട്ടിയ കല്ലുകളിലേക്കും വെള്ളം കയറാറുണ്ട്. എത്ര വെള്ളമുയർന്നാലും പാളത്തിനെ ബലപ്പെടുത്തുന്ന ചരിഞ്ഞ ഭിത്തിക്ക് ദോഷം ഉണ്ടാകാതിരിക്കാനാണ് പുഴയിൽനിന്ന്‌ വീതിയുള്ള മറ്റൊരു കരിങ്കൽഭിത്തി കൂടി നിർമിച്ചത്.

അതിൽ കുറച്ചുഭാഗമാണ് ഇടിഞ്ഞ് പുഴയിൽ വീണിരിക്കുന്നത്. അവശേഷിക്കുന്ന കരിങ്കൽ ഭിത്തിയുടെ പലഭാഗത്തും വിള്ളലും കാണാനുണ്ട്.

പുഴയിൽ കുത്തൊഴുക്കുണ്ടാകുമ്പോൾ കൂടുതൽ ഭാഗത്ത് ഭിത്തിയിടിയുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.