പടന്ന : പാഠപുസ്തകത്തിലെ അറിവുകൾ ജീവിതാനുഭവങ്ങളാക്കി മാറ്റി ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികൾ ഒരുക്കിയ പലഹാരമേള ശ്രദ്ധേയമായി. മലയാളം പാഠഭാഗമായ ‘രുചിമേളം’ ആസ്പദമാക്കി സംഘടിപ്പിച്ച മേള പഠനവും രുചിയും ഒത്തുചേർന്ന വേറിട്ട അനുഭവമായി. വിവിധതരം പലഹാരങ്ങളുമായാണ് കുരുന്നുകൾ മേളയിലെത്തിയത്. അമ്മമാരോടൊപ്പം പലഹാരങ്ങളുടെ ചേരുവകൾ പരിചയപ്പെടാനും തയ്യാറാക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.

To advertise here,

പലഹാരങ്ങളുടെ പേരുകളും വൈവിധ്യവും പരിചയപ്പെടുന്നതിനൊപ്പം നിരീക്ഷണം, ആശയവിനിമയം, സഹകരണം, പങ്കുവെക്കൽ തുടങ്ങിയ കഴിവുകൾ വളർത്താനും മേള സഹായകമായി. പാഠഭാഗത്തെ കേവലം വായനയിലും പഠനത്തിലും ഒതുക്കാതെ പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ ജീവിതവുമായി ബന്ധിപ്പിച്ച ‘രുചിമേളം’ കുട്ടികൾക്ക് ഏറെ ആഹ്ലാദകരമായ അനുഭവമായി. സീനിയർ അസിസ്റ്റന്റ് വി. ആശാലത മേള ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ എം.ശോഭ, രേഷ്മ എന്നിവർ നേതൃത്വം നൽകി.