മയ്യഴി : അമ്മ ത്രേസ്യയുടെ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്താൻ നമുക്ക് സാധിക്കണമെന്ന് കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. മാഹി സെയ്‌ന്റ്‌ തെരേസ ബസിലിക്കയിലെ തിരുനാൾ ദിനത്തിൽ മേരി മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന സ്നേഹസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷമിക്കാനും പൊറുക്കാനും മാപ്പുകൊടുക്കാനും നല്ല ബന്ധങ്ങൾ നിലനിർത്തി വളർത്താനും മറ്റുള്ളവരോട് സഹാനുഭൂതിയും ദയയും കാരുണ്യവും കാണിക്കാനും അവരെ സഹായിക്കാനുമൊക്കെയാണ് അമ്മ ത്രേസ്യ നമ്മളെ പഠിപ്പിച്ചത്. ഇത് നമുക്ക് നമ്മുടെ ജീവിതത്തിൽ പകർത്തി നല്ല മനുഷ്യരായി ജീവിക്കാനും കഴിയണമെന്നും ബിഷപ്പ് പറഞ്ഞു. അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.

To advertise here,

ഇന്നത്തെ മാഹിയുടെ അവസ്ഥയിൽ മയ്യഴി മാതാവ് സംതൃപ്തയല്ല- എം. മുകുന്ദൻ

:ലോകം മുഴുവൻ മയ്യഴിയെ അറിയുന്നത് എഴുത്തുകാരനായ എം. മുകുന്ദനി

ലൂടെയല്ലെന്നും അത് മയ്യഴിമാതാവെന്ന് നമ്മൾ വിളിക്കുന്ന സെയ്ന്റ്‌ ത്രേസ്യയിലൂടെയാണെന്നും എഴുത്തുകാരൻ എം. മുകുന്ദൻ. സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളെക്കാൾ കൂടുതൽ മദ്യഷാപ്പുള്ള മയ്യഴി, വിദ്യാലയങ്ങളെക്കാൾ കൂടുതൽ പെട്രോൾ പമ്പുകളുള്ള മയ്യഴി, ഇങ്ങിനെയൊരു മയ്യഴിയെയാണ് നമ്മൾ സൃഷ്ടിച്ചിരിക്കുന്നത്. മയ്യഴി മാതാവ് ഇതിൽ വേദനിക്കുന്നുണ്ട്. എവിടെയെങ്കിലും ഒരു പുഴ ഒഴുകുന്നുണ്ടെങ്കിൽ അവിടെ ഒരു സാംസ്കാരിക കേന്ദ്രം ഉണ്ടായിരിക്കണം. വലിയ ഒരു പുഴ മയ്യഴിയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ കരയിൽ മയ്യഴിയിൽ ഒരു സാംസ്കാരിക കേന്ദ്രമില്ല എന്നത് വേദനാജനകമാണ്. അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രി ഇ. വത്സരാജ് മുഖ്യഭാഷണം നടത്തി. ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, മാഹി അഡമിനിസ്ട്രേറ്റർ അങ്കിത് കുമാർ, സഹവികാരി ബിനോയ് എബ്രഹാം, സിസ്റ്റർമാരായ അജി മരിയ, എലിസ്വ വർഗ്ഗീസ്, പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ ഷിബു, ജോ. സെക്രട്ടറി മോനിഷ അനൂപ്, പാരിഷ് പ്രതിനിധി പ്രൊഫ. ഡോ. ആന്റണി ഫെർണാണ്ടസ്, സ്നേഹസംഗമം കൺവീനർ രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എം. മുകുന്ദന് ആദരവ് നൽകി. ഡോ. നടാഷ കദീജ, വീണാധരി ധൻജിത്ത്, സനൽകുമാർ എന്നിവരെ ആദരിച്ചു.

മെത്രാപ്പോലീത്തക്ക് സ്വീകരണം

:തിരുനാൾ ദിനത്തിൽ തിരു ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാനെത്തിയ കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ. വർഗ്ഗീസ് ചക്കാലക്കലിന് സ്വീകരണം നൽകി.

റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, സഹവികാരി ബിനോയ് എബ്രഹാം, ബെദികർ, പാരിഷ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, കൊമ്പിരി അംഗങ്ങൾ, ആഘോഷ കമ്മിറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ ചേർന്ന് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.