കൂവേരി : കൂവേരിയിലെ തൂക്കൂ പാലം തകർച്ചയുടെ വക്കിലായിട്ടും അറ്റകുറ്റപ്പണി വൈകുന്നു. ഏത് നിമിഷവും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ് തൂക്കുപാലം. നിരവധി വിനോദസഞ്ചാരികൾ ദിനംപ്രതി എത്തുന്നതാണ് കൂവേരി പുഴയോരം. തൂക്കുപാലമാണ് ഇവിടത്തെ പ്രധാന ആകർഷണം. കാലപ്പഴക്കത്താൽ തകർന്നു വീഴാവുന്ന അവസ്ഥയിലാണ് തൂക്കുപാലം.
25 വർഷത്തിലേറെ പഴക്കമുള്ള തൂക്കുപാലം മുഴുവനായി അറ്റകുറ്റപ്പണി നടത്തേണ്ട കാലം വർഷങ്ങൾക്കു മുൻപേ
കഴിഞ്ഞു. ഇതു സംബന്ധിച്ച് നാട്ടുകാരുടെ ഭാഗത്തുനിന്നും പരാതികൾ ഉയർന്നിട്ടും പരിഹാരം ഉണ്ടാകുന്നില്ല.പാലം അറ്റകുറ്റപ്പണിക്ക് ചപ്പാരപ്പടവ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഇതുപോലെയുള്ള പാലം അറ്റകുറ്റപ്പണി നടത്തുന്ന വിദഗ്ധരെ കിട്ടാനില്ല എന്നാണ് പറയുന്നത്. പാലം അപകടത്തിലാണെന്നും 20 പേരിൽ കൂടുതൽ പേർ കയറരുത് എന്നുമുള്ള മുന്നറിയിപ്പ് ബോർഡ് പാലത്തിനു മുന്നിൽ പഞ്ചായത്ത് വെച്ചിട്ടുണ്ട്.
എന്നാൽ ഇതെല്ലാം അവഗണിച്ച് പാലം കാണാൻ എത്തുന്ന നിരവധിപേർ പാലത്തിൽ കയറുന്നുണ്ട്. ൂവേരിക്കടവ് ഭാഗത്തുനിന്ന് കൊട്ടക്കാനം ആലത്തട്ട് ഭാഗത്തേക്ക് ജനത്തിന് പുഴ മുറിച്ചുകടക്കാനുള്ള ഏക ആശ്രയമാണ് കൂവേരി തൂക്കുപാലം. കൊട്ടക്കാനം യു.പി. സ്കൂളിലേക്കടക്കം കുട്ടികൾ കടന്നുപോകേണ്ടത് ഈ പാലം വഴിയാണ്.
അറ്റകുറ്റപ്പണി നടക്കാത്തതു കാരണം പാലം ചെരിഞ്ഞ അവസ്ഥയിലാണ്. യാത്രക്കാർ പുഴയിലേക്ക് വീഴാതിരിക്കാൻ സ്ഥാപിച്ച കമ്പിവേലികളടക്കം നശിച്ചു. കാലിടറിയാൽ ആളുകൾ പുഴയിലേക്ക് വീഴുന്ന അവസ്ഥയാണ്. പാലത്തിലൂടെ ആളുകൾ നടക്കുമ്പോൾ പാലം ആടുന്നുണ്ട്.
കാഴ്ചകൾ പ്രകൃതിരമണീയം
കൂവേരി തൂക്കുപാലം കാണാൻ നിരവധി സഞ്ചാരികളാണ് ദിനം പ്രതി എത്തുന്നത്. പാലവും പുഴയും വൃക്ഷലതാദികൾ തിങ്ങിയ പുഴയോരവും നിരവധിപേരെ ആകർഷിക്കുന്നു. ഇതിനനുസരിച്ചുള്ള സൗകര്യങ്ങൾ അധികൃതർ ഇവിടെ
ഒരുക്കിയിട്ടില്ല. സിനിമാ ചിത്രീകരണം അടക്കം നടക്കുന്ന മനോഹരമായ പുഴയോരമാണ് ഇവിടെയുള്ളത്. മണൽതിട്ടിൽ വിശ്രമിക്കാനും പുഴയിൽ കുളിക്കാനും സൗകര്യമുണ്ട്. പുഴയിൽ ഇറങ്ങിയപ്പോൾ അടുത്ത കാലത്ത് മുങ്ങിമരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
പ്രകൃതി ഏറ്റവും നന്നായി അനുഗ്രഹിച്ച,സഞ്ചാരികൾ എത്തുന്ന കൂവേരിപ്പുഴയിൽ
വേണ്ട സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടില്ല.തിരക്കുള്ള അവധി ദിവസങ്ങളിൽ പഞ്ചായത്ത് ഒരു സുരക്ഷാജീവനക്കാരനെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.
ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് ഇവിടെ വികസനപദ്ധതികൾ നടപ്പിലാക്കാൻ ആലോചിക്കുന്നതായി പഞ്ചായത്ത് അധികൃതർ പറയുന്നുണ്ട്. അതിനു മുൻപ് പാലം നവീകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണ്ടേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Published: 22 Nov 2026, 04:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented