കടവത്തൂർ : റോഡ് വികസനത്തിന്റെ ഭാഗമായി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പോലീസ് സഹായത്തോടെ പൊതുമരാമത്ത് അധികൃതർ പൊളിച്ചുനീക്കി. കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി ഡി.വൈ.എഫ്.ഐ. കടവത്തൂർ ടൗണിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ശനിയാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോലീസ് നീക്കംചെയ്തത്.
പൊളിച്ചുനീക്കാനുള്ള ശ്രമത്തെ ചെറുക്കാൻ വനിതകൾ ഉൾപ്പെടെയുള്ള സി.പി.എം. പ്രവർത്തകരും എത്തിയതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പാനൂർ സി.ഐ. കെ. സന്തോഷ് കുമാർ, കൊളവല്ലൂർ, പാനൂർ എസ്.ഐമാരായ അനുശ്രുതി സി. ബാലൻ, മരിയ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരെ നീക്കിയത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ ശനിയാഴ്ച ഹർത്താൽ ആചരിച്ചു. വൈകീട്ട് ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.
സി.പി.എം. പ്രതിഷേധിച്ചു
: ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, റോഡ് നവീകരണത്തിന് ഒരു തടസവും ഉണ്ടാക്കിയിരുന്നില്ലെന്നും പൊളിച്ച് മാറ്റണമെന്ന് ഒരു നോട്ടീസും ഡി.വൈ.എഫ്.ഐ.ക്ക് ലഭിച്ചിട്ടില്ലെന്നും സി.പി.എം. പാനൂർ ഏരിയ കമ്മിറ്റി അംഗം എ. രാഘവൻ പറഞ്ഞു. നിരവധിയാളുകൾക്ക് ആശ്വാസമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയപ്പോൾ ആർക്കാണ് ഗുണം ലഭിച്ചതെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ് കാത്തിരിപ്പ് കേന്ദ്രവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കേ പൊളിച്ചു മാറ്റിയതിൽ ഡി.വൈ.എഫ്.ഐ. തൃപ്രങ്ങോട്ടൂർ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
യു.ഡി.എഫ്. നേതൃത്വത്തിന് വേണ്ടി രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമായാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയതെന്ന് ഭാരവാഹികളായ അശ്വിൻ ദിലീപ് എന്നിവർ ആരോപിച്ചു.
Published: 22 Nov 2026, 04:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented