ബത്തേരി-താളൂർ റോഡിന്റെ നിർമാണത്തിൽ അപാകമെന്ന് പരാതി

To advertise here,

സുൽത്താൻബത്തേരി : ഏറെക്കാലത്തെ മുറവിളികൾക്കൊടുവിൽ നവീകരിച്ച സുൽത്താൻബത്തേരി-താളൂർ-ചേരമ്പാടി അന്തസ്സംസ്ഥാനപാത പലയിടത്തും തകരാൻ തുടങ്ങി. നിർമാണം കഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോഴേക്കുമാണ് ടാറിങ്ങ് നിരങ്ങിനീങ്ങി കുഴിയും വിള്ളലുകളുമായത്. കിഫ്ബി പദ്ധതിയിൽ 30 കോടിയിലേറെ രൂപ ചെലവഴിച്ചാണ് റോഡ് വീതികൂട്ടിയും പാലമടക്കം നിർമിച്ചും നവീകരിച്ചത്.

നിത്യേന നൂറുകണക്കിന് വാഹനങ്ങൾ തമിഴ്‌നാട്ടിലേക്കും തിരിച്ചും പോകുന്നതിന് ഉപയോഗിക്കുന്ന പാതയാണിത്. ഏറെക്കാലം തകർന്ന് കുഴികളായി കിടന്ന റോഡ് നാട്ടുകാരുടെ നിരന്തര പ്രക്ഷോഭത്തിനൊടുവിലാണ് നവീകരിച്ചത്. കോളിയാടി ടൗണിനും മാത്തൂർ പാലത്തിനുമിടയിൽ നേരേയുള്ള ഭാഗങ്ങളിൽ പലയിടത്തും റോഡിലെ ടാറിങ്ങിന് വിള്ളലുണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ താഴ്‍ന്നിട്ടുമുണ്ട്. വയൽപ്രദേശമായ ഈ ഭാഗത്ത് നിർമാണത്തിലെ അപാകതയാണിതിന് കാരണമെന്ന് ബത്തേരി-താളൂർ റോഡ് സംരക്ഷണസമിതി ആരോപിക്കുന്നു. ഉപരിതലത്തിലെ ഉയർച്ചതാഴ്ചകൾ കാരണം വാഹനങ്ങളും അതേരീതിയിൽ പോകുന്ന അവസ്ഥയാണ്. ഭാരവാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ നിത്യേന പോകുന്ന റോഡിൽ മതിയായ നിലവാരമില്ലാതെയാണ് നിർമാണം നടത്തിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ ഇതിനകം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. നിലവിൽ റോഡിന് തകരാറുണ്ടായ ഭാഗങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

മാടക്കര ടൗണിലും മദ്രസയ്ക്ക് സമീപവും ടാറിങ് നിരങ്ങിനീങ്ങി കുഴിയായിരിക്കുകയാണ്. മഴപെയ്താൽ പലയിടങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെടുന്നുണ്ട്. നിർമാണത്തിലെ അപാകങ്ങളും ഗുണനിലവാരക്കുറവും നിർമാണസമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥയുമാണ് ഒരുവർഷത്തിനകം തന്നെ റോഡ് പൊളിഞ്ഞുതുടങ്ങാൻ കാരണമെന്ന് സംരക്ഷണസമിതി ചൂണ്ടിക്കാട്ടുന്നു. ബത്തേരിയിൽ തുടങ്ങി മലങ്കരവരെ മുൻപ് ടാറിങ് നടത്തി അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളും തകർന്നുതുടങ്ങിയിട്ടുണ്ട്.

പൊതുമരാമത്തു മന്ത്രിക്ക് പരാതി

റോഡിന്റെ ഭാഗങ്ങൾ പൊളിയുന്നത് സംബന്ധിച്ച് സംരക്ഷണസമിതി പൊതുമരാമത്തു മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സർക്കാർ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയ നിർമാണത്തിന്റെ ഡിഫെക്ട് ലയബിലിറ്റി പീരിയഡ് (ഡി.എൽ.പി.) നിലനിൽക്കുന്നതിനാൽ കരാറുകാരന്റെ ഉത്തരവാദിത്വത്തിൽ തന്നെ തകർന്നഭാഗങ്ങൾ അടിയന്തരമായി പൂർണനിലവാരത്തിൽ റീ-ടാറിങ് നടത്തുക, പൊതുമരാമത്ത് വിജിലൻസോ അല്ലെങ്കിൽ വിദഗ്ധ സമിതിയേയോ നിയോഗിച്ച് റോഡ് നിർമാണത്തിലെ അപാകവും അഴിമതിയും അന്വേഷിക്കുക, നിലവാരമില്ലാത്ത നിർമാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരേ നിയമനടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.