പഴയങ്ങാടി : പ്രതീക്ഷയോടെ 90 ലക്ഷം രൂപ ചെലവിൽ പഴയങ്ങാടി പുഴയോരത്ത് പണിത റിവർ വ്യൂ പാർക്ക് നാശത്തിലേക്ക്. പഴയങ്ങാടി-മുട്ടുകണ്ടി തീരദേശ റോഡരികിലാണ് പാർക്ക്. ഇവിടെ ലൈറ്റ് സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞതോടെ കത്തിയില്ല. പാർക്കിൽ സ്ഥാപിച്ച പലവിളക്കുകളും ക്രമേണ മറിഞ്ഞുവീണ് നശിച്ചു. പാർക്കിലെ ഓപ്പൺ എയർ വേദിയുടെ താഴെ സ്ഥാപിച്ച പലകകൾ പൂർണമായും ഉപയോഗശൂന്യമായ നിലയിലാണ്. പലയിടത്തും പലകകൾ ഇളകി കുഴിയായി. ഇതൊന്നും ശ്രദ്ധിക്കാതെ ആരെങ്കിലും കയറിയാൽ പലക പൊട്ടി പുഴക്കരയിലെ ചെളിയിൽ വീണേക്കാം. ഇവിടെ അപായസൂചനാ ബോർഡ് പോലും സ്ഥാപിച്ചിട്ടുമില്ല.

To advertise here,

കായൽ സൗന്ദര്യം ആസ്വദിക്കാനത്തുന്നവർക്ക് മഴക്കൂടാരങ്ങളും ഇരിപ്പിടങ്ങളും വള്ളംകളി പവലിയനുമൊക്കെ നിർമിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോൾ കാടുപിടിച്ച് കിടക്കുന്നതിനാൽ അങ്ങോട്ടേക്ക് കയറാൻ പോലും ആളുകൾക്ക് ഭയമാണ്. അപകടങ്ങളുണ്ടാകുമോയെന്ന ആശങ്ക വേറെയും. പല ഇരിപ്പിടങ്ങളുടെയും മുകൾഭാഗം പൊട്ടിപൊളിഞ്ഞ് തകർന്ന നിലയിലാണ്.

മലബാർ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ളതാണ് പഴയങ്ങാടി റിവർ വ്യൂ പാർക്ക്. തകർന്ന മേൽക്കൂരകൾ മാറ്റിയും മറ്റ് പ്രശ്നങ്ങൾ‌ പരിഹരിച്ചും ആളുകൾക്ക് ഉപകരിക്കുന്ന രീതിയിൽ പാർക്കിനെ മാറ്റണമെന്നാണ് ആവശ്യം.