കണ്ണൂർ : നഗരത്തിലെ ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം പരിശോധന നടത്തി. 500-ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യമുൾപ്പെടെയുള്ള വിവിധ കാരണങ്ങളിലായി 45-ഓളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

To advertise here,

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ കണ്ടെത്തി നശിപ്പിച്ചു. ഒൻപത് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഹോട്ടൽ, കൂൾബാർ, ബേക്കറി, ജ്യൂസ് സെന്റർ, വഴിയോരക്കച്ചവടം, കരിമ്പിൻ ജ്യൂസ് സ്ഥാപനങ്ങളിലെല്ലാം പരിശോധന നടത്തി.

ജ്യൂസിൽ മീനിൽ ഇടുന്ന ഐസ്

:മീൻ ചീഞ്ഞുപോകാതിരിക്കാൻ ഇടുന്ന ഐസ് ജ്യൂസിൽ ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കടയുടമയെ കൊണ്ടുതന്നെ ഇത് നശിപ്പിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. മീനിൽ ഇടാൻ ഉപയോഗിക്കുന്ന ഐസ് പലപ്പോഴും ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കുന്നതായിരിക്കില്ല.

മീൻ ചീഞ്ഞുപോകാതിരിക്കാനായി അമോണിയം ഉൾപ്പെടെ ചേർക്കാറുമുണ്ട്. ഇത് ഭക്ഷ്യയോഗ്യമല്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർമാർ പറഞ്ഞു. ഞായറാഴ്ച എല്ലാ സ്ഥാപനങ്ങളിലെയും കുടിവെള്ള സംഭരണികൾ വൃത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ, വെള്ളം പരിശോധിച്ച് ആറുമാസം കാലാവധി പൂർത്തിയാക്കിയ സ്ഥാപനങ്ങൾ വീണ്ടും പരിശോധിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

മേയർ പി. ഇന്ദിര, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ മഠത്തിൽ, ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് പരിശോധന നടത്തിയത്.