മീനുകൾ ചത്തുപൊങ്ങി

To advertise here,

ചെറുപുഴ : ചെറുപുഴ ജോസ്ഗിരി മുക്കുഴിയിലെ പശുഫാമിൽ നിന്ന് മലിനജലം തോട്ടിലേക്ക്‌ ഒഴുകി. കോഴിച്ചാൽ തോട്ടിലൂടെ ഒഴുകിവന്ന മലിനജലം നേരെ കാര്യങ്കോട് പുഴയിലേക്ക്‌ എത്തി. കോഴിച്ചാൽ തോട്ടിലെ മീനുകൾ മലിനജലത്തിൽ ചത്തുപൊങ്ങി. പശു ഫാമിലെ സ്ലറി ടാങ്ക് പൊട്ടിയതിനെ തുടർന്നാണ് മലിനജലം ഒഴുകിയത്. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം.

മലിനജലം ഒഴുകിവരുന്നത് കണ്ടുനിൽക്കാനെ നാട്ടുകാർക്ക് കഴിഞ്ഞുള്ളൂ. രൂക്ഷഗന്ധത്തോടെ പതഞ്ഞ് മലിനജലം ഒഴുകിയതോടെ പഞ്ചായത്തധികൃതർ മുന്നറിയിപ്പ് നൽകി. കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പശു ഫാം. 300 ഓളം പശുക്കളാണ് ഫാമിലുള്ളത്. കാര്യങ്കോട് പുഴയിൽ നിന്നാണ് ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ്. എന്നിവിടങ്ങളിലേക്ക്‌ കുടിവെള്ളമെടുക്കുന്നത്. നിരവധി ആളുകൾ കുടിക്കാനും കുളിക്കാനുമുപയോഗിക്കുന്ന വെള്ളം മലിനമാക്കിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്, സ്ഥിരം സമിതിയംഗം ലീന വില്യം, പഞ്ചായത്തംഗം റോഷി ജോസ്, ആരോഗ്യ പ്രവർത്തകരായ എം. ശ്രീലക്ഷ്മി, ജോബിൻ ജോർജ് തുടങ്ങിയവർ വെള്ളം ഒഴുകിയെത്തിയ പ്രദേശങ്ങൾ സന്ദർശിച്ചു.