മട്ടന്നൂർ : ഡോക്ടറെയും ഫാർമസിസ്റ്റിനെയും സ്ഥലം മാറ്റിയതോടെ ജീവനക്കാരില്ലാതായ കീച്ചേരി ആയുർവേദ ആസ്പത്രി സബ് സെന്റർ പൂട്ടി. സായാഹ്ന ഒ.പി.യാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. നിരവധി പേർ ചികിത്സയ്ക്ക് ആശ്രയിച്ചിരുന്ന ആസ്പത്രി ഒരുമാസത്തോളമായി അടഞ്ഞുകിടക്കുകയാണ്. ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതർക്ക് നഗരസഭ നിവേദനം നൽകിയിട്ടുണ്ട്.2018-ലാണ് സംസ്ഥാനത്തെ ഏക ആയുർവേദ സായാഹ്ന പരിശോധനാ കേന്ദ്രമായി കീച്ചേരി ആയുർവേദ സബ് സെന്റർ തുടങ്ങിയത്. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. നിരവധി പേർ വൈകീട്ട് ഇവിടെ പരിശോധനയ്ക്ക് എത്താറുണ്ടായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടത്തെ ഡോക്ടറെയും ഫാർമസിസ്റ്റിനെയും സ്ഥലം മാറ്റിയത്. നഗരസഭാ അധികൃതർ നിവേദനം നൽകിയതിനെ തുടർന്ന് മറ്റൊരു ഡോക്ടറും ഫാർമസിസ്റ്റിനെയും നിയോഗിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്കുശേഷം ഇവരെയും മാറ്റി. ജീവനക്കാരെ നിയമിച്ച് സായാഹ്ന ഒ.പി. പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത് കളക്ടർക്കും ഡി.എം.ഒ.(ആയുർവേദം), ഡി.പി.എം. എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. ആസ്പത്രിയിലുള്ള മരുന്നുകൾ ഉൾപ്പടെ ഉപയോഗശൂന്യമാകുന്ന അവസ്ഥയാണെന്നും ആസ്പത്രി തുറന്നുപ്രവർത്തിപ്പിക്കാൻ നടപടി വേണമെന്നും നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.മജീദ് പറഞ്ഞു. സാധാരണക്കാർ ആശ്രയിച്ചിരുന്ന ആസ്പത്രി പൂട്ടിയത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പഴശ്ശിയിലാണ് മേഖലയിലെ മറ്റൊരു സർക്കാർ ആയുർവേദ ആസ്പത്രിയുള്ളത്. ആസ്പത്രിക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അവിടേക്ക് ഇതുവരെ പ്രവർത്തനം മാറിയിട്ടില്ല.
Published: 10 Oct 2026, 04:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented