പഴയങ്ങാടി : പഴയങ്ങാടിയിൽ നിർത്തിയിട്ട ബസിൽ ലോറിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ എട്ടോടെ പഴയങ്ങാടി കെ.എസ്.ടി.പി. റോഡിൽ പോലീസ് സ്റ്റേഷന് മുൻവശത്തെ എരിപുരം സർക്കിളിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് അപകടം.
പഴയങ്ങാടി ഭാഗത്തുനിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് യാത്രക്കാരെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇറക്കുന്നതിനിടയിൽ പഴയങ്ങാടി ഭാഗത്തുനിന്ന് വന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് പിറകിൽ ഇടിക്കുകയായിരുന്നു.
ബസിന്റെ പിൻഭാഗത്തെ ചില്ല് തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. രാവിലെ പെയ്ത മഴയിൽ റോഡിൽനിന്ന് ലോറി തെന്നിമാറിയതാണ് അപകടത്തിന് കാരണം.
ലോറിയുടെ ഒരുഭാഗവും തകർന്നിട്ടുണ്ട്. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം കെ.എസ്.ടി.പി. റോഡിൽ ഗതാഗതതടസ്സം അനുഭവപ്പെട്ടു.
പഴയങ്ങാടി പാലവും കടന്ന് ചെറുകുന്ന് പുന്നച്ചേരി വരെയും തളിപ്പറമ്പ് ഭാഗത്ത് നെരുവമ്പ്രം വരെയും രാമപുരത്തും മാടായിപ്പാറ മുഴുവനായും വാഹനങ്ങൾ നിറഞ്ഞു. പോലീസ് സ്റ്റേഷന് മുൻവശത്ത് അപകടം നടന്നിട്ടും ആദ്യം നാമമാത്രമായ പോലീസുകാരാണ് ഗതാഗത നിയന്ത്രണത്തിനുണ്ടായത്. അതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
പിന്നീട് നാട്ടുകാരും ചേർന്നാണ് ഗതാഗതം സുഗമമാക്കിയത്. കെ.എസ്.ടി.പി. റോഡിൽ മഴപെയ്താൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് ബസ് അപകടങ്ങളിൽ യാത്രക്കാർക്കുൾപ്പെടെ പരിക്കേറ്റിരുന്നു.
Published: 16 Oct 2026, 03:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented